മന്‍ഹാട്ടന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലില്‍ മലയാളം ഷോര്‍ട്ട് ഫിലിമിന് അംഗീകാരം
Thursday, October 29, 2015 4:26 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്തമായ മന്‍ഹാട്ടന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലില്‍ മലയാളം ഷോര്‍ട്ട് ഫിലിം 'മിഴിയറിയാതെ' ഉള്‍പ്പെടെ അഞ്ചു ഷോര്‍ട്ട് ഫിലിമുകള്‍ക്കു പ്രത്യേക അംഗീകാരം. വിവിധ രാജ്യങ്ങളിലെ 485 ചിത്രങ്ങളില്‍ നിന്നും 46 ചിത്രങ്ങളാണു തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍നിന്നാണ് ഈ അഞ്ചു ഹൃസ്വ ചിത്രങ്ങളെ തിരഞ്ഞെടുത്തത്. ഹൃദയസ്പര്‍ശിയായ കുടുംബജീവിതങ്ങളുടെ കഥ പറയുന്ന മിഴിയറിയാതെ, യൂ ട്യൂബില്‍ വൈറല്‍ ആയിരുന്നു.

മിലന്‍ ഋഷി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഓര്‍ഫിയസ് ജോണാണു മിഴിയറിയാതെ സംവിധാനം ചെയ്തത്. മനോജ് കൈപ്പിള്ളി തിരക്കഥയും ഷാജന്‍ ജോര്‍ജ് കാമറയും ചെയ്തു. ജീ പൈലി അസിസ്റന്റ് ക്യാമറാ മാനും, പ്രഭ ഉമ്മന്‍ അസോസിയേറ്റ് ഡയറക്ടറും ആയിരുന്നു. നിഷികാന്ത് ഗോപിയുടെ വരികള്‍ക്ക് ഗിരിഷ് സൂര്യ നാരായണ്‍ ആണു ഈണം നല്കിയ ഗാനം ആലപിച്ചത് കാര്‍ത്തിക ഷാജിയാണ്. ഈ ഗാനവും യൂട്യൂബില്‍ വന്‍ ഹിറ്റ് ആയിരുന്നു.

അതോടൊപ്പം നാട്ടില്‍ പദ്മരാജന്‍ പുരസ്കാരം 2015 മത്സരത്തിലേക്കും ഈ ഹൃസ്വ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 12-നു തിരുവനന്തപുരം വിജെടി ഹാളില്‍ കൂടിവന്ന ആയിരങ്ങളുടെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഓര്‍ഫിയസ് ജോണ്‍ 347 466 0691

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്