നഴ്സ് റിക്രൂട്ട്മെന്റ്: കാത്തിരിപ്പിനു വിരാമം
Wednesday, October 28, 2015 8:11 AM IST
കുവൈത്ത്: നഴ്സ് റിക്രൂട്ട്മെന്റിനു ഇന്ത്യയും കുവൈത്തും ധാരണയിലെത്തി. കുവൈത്ത് ആരോഗ്യമന്ത്രാലയവുമായുള്ള കരാറില്‍ ഇന്ത്യയ്ക്കുവേണ്ടി സ്ഥാനപതി സുനില്‍ ജയിന്‍ ആണ് ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പു വച്ചത്.

ഇതു പ്രകാരം കേരളത്തിലെ ഒഡെപെക്, നോര്‍ക്ക റൂട്സ് എന്നീ ഏജന്‍സികള്‍ വഴി മാത്രമേ കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. പുതിയ വ്യവസ്ഥകള്‍ നിലവില്‍ വന്നതോടെ സ്വകാര്യ മേഖലയിലേക്കുള്ള നിയമനവും ഒഡെപെക്, നോര്‍ക്ക റൂട്സ് വഴി മാത്രമാകും. പുതിയ കരാര്‍ പ്രകാരം നിയമന ഏജന്‍സിക്കു സര്‍വീസ് ചാര്‍ജ് ആയി 20,000 രൂപ ഉദ്യോഗാര്‍ഥി നല്‍കണം. റിക്രൂട്ടിംഗ് ഏജന്‍സി ഏതു വേണമെന്നു തൊഴിലുടമയ്ക്കു തീരുമാനിക്കാം.

അതിനിടെ കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികള്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍