ശ്രാവണ പൌര്‍ണമിക്ക് അരങ്ങൊരുങ്ങി
Wednesday, October 28, 2015 7:02 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി 'ശ്രാവണ പൌര്‍ണമി' വിവിധ പരിപാടികളോടെ ഒക്ടോബര്‍ 30നു (വെള്ളി) ആഘോഷിക്കുന്നു. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ അബാസിയ സെന്‍ട്രല്‍ സ്കൂളിലാണ് ആഘോഷ പരിപാടികള്‍.

ആഘോഷപരിപാടികളോടനുബന്ധിച്ചു പ്രമുഖ ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജുവിനു കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളായ പ്രവാസികളുടെ കൂട്ടായ്മ 'നടനകേസരി പുരസ്കാരം' നല്‍കി ആദരിക്കും. ചടങ്ങില്‍ സ്കൂള്‍ കോളജ് തലങ്ങളിലെ വിവിധ പരീക്ഷകളില്‍ പോയവര്‍ഷം ഉന്നതവിജയം നേടിയ അസോസിയേഷന്‍ അംഗങ്ങളുടെ മക്കള്‍ക്ക് 'വിദ്യാജ്യോതി' പുരസ്കാരം നല്‍കി അനുമോദിക്കും. അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നവതരിപ്പിക്കുന്ന വിവിധ കലാവിരുന്ന് ആഘോഷങ്ങള്‍ക്കു മിഴിവേകും. പരിപാടികളോടനുബന്ധിച്ചു വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 99722437, 51698666, 99269291, 96968980, 97870268.