സ്റാറ്റന്‍ ഐലന്‍ഡില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
Wednesday, October 28, 2015 6:34 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ ഐലന്‍ഡ് സീറോ മലബാര്‍ ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും മാര്‍തോമ്മാ ശ്ളീഹായുടേയും തിരുനാളുകളും സംയുക്തമായി ടോം കിന്‍സ് അവന്യൂവിലുളള സെന്റ് ജോസഫ് പള്ളിയില്‍ ആഘോഷിച്ചു.

ഒക്ടോബര്‍ 18നു ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടുകൂടി തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ബ്രോങ്ക്സ് ഫൊറോന പളളി വികാരി ഫാ. ജോസ് കണ്ടത്തിക്കുടി തിരുനാള്‍ സന്ദേശം നല്‍കി. വികാരി ഫാ. റോയ്സണ്‍ മേനോലിക്കല്‍, ഫാ. ഫ്രെഡി (പാസ്റര്‍ സെന്റ് ജോസഫ്), ഫാ. ക്രിസ്റി പറമ്പുകാട്ടില്‍, ഫാ. ജേക്കബ് കട്ടക്കല്‍, ഫാ. മാത്യു ഈരാളി, ഫാ. ജോ കാരിക്കുന്നേല്‍, ഫാ. ടോമി മാം പറമ്പില്‍, ഫാ. ജോണ്‍ കല്ലാറ്റില്‍, ഫാ. ഡേവി കാവുങ്കല്‍, ഫാ. ജില്‍സണ്‍ നടുവിലേടത്ത്, ഫാ. ബാബു തേലപ്പിളളി, ഫാ. ജോസഫ് കണ്ടശാംകുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ജോസ് വേലിക്കകം, ഫാ. സോജു വര്‍ഗീസ്, ഫാ. ചെറിയാന്‍ മുണ്ടയ്ക്കല്‍ (ഓര്‍ത്തഡോക്സ്) എന്നിവര്‍ തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുത്തു.

തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. തിരുനാള്‍ കര്‍മങ്ങള്‍ക്കുശേഷം നടന്ന വിഭവസമൃദ്ധമായ അത്താഴ വിരുന്നിനു ഷാജി മാത്യു, സ്റാന്‍ലി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു ലോംഗ് ഐലന്‍ഡ് താളലയം ടീം അവതരിപ്പിച്ച ചെണ്ടമേളവും നടന്നു.

പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയും സ്റാറ്റന്‍ ഐലന്‍ഡ് ഇടവകാംഗവുമായ വട്ടുകുന്നേല്‍ ടോം തോമസും കുടുംബവുമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്. കൈക്കാരന്‍ ദേവസ്യാച്ചന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ ആഘോഷ പരിപാടികള്‍ക്കു മേല്‍നോട്ടം വഹിച്ചു. ജോര്‍ജ് മുണ്ടിയാനിയുടെ നേതൃത്വത്തിലുളള ഗായക സംഘം തിരുക്കര്‍മങ്ങള്‍ ഭക്തി സാന്ദ്രമാക്കി.

തിരുക്കര്‍മങ്ങള്‍ക്കുശേഷം അടുത്ത വര്‍ഷത്തെ തിരുനാളിന്റെ പ്രസുദേന്തി വാഴ്ചയും നടന്നു. ഇടവകാംഗമായ ഫിലിപ്പ് പായിപ്പാട്ടും കുടുംബവുമാണ് അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തിരിക്കുന്നത്.

തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ച ഏവര്‍ക്കും വികാരി ഫാ. റോയ്സണ്‍ മേനോലിക്കല്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബേബിച്ചന്‍ പൂഞ്ചോല