കലാശ്രീയ്ക്ക് അഭിമാനം, ആയിരങ്ങളെ സാക്ഷിനിര്‍ത്തി ദശാവതാരം അരങ്ങേറി
Wednesday, October 28, 2015 5:21 AM IST
ന്യൂജേഴ്സി: കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്സ് 23-ാമതു വിജയദശമി ദിനവും പത്താമത് ബി.ടി. മേനോന്‍ മെമ്മോറിയല്‍ വാര്‍ഷികവും ആഘോഷിച്ചു. ഹായ്ക്കന്‍സാക്കിലെ ബെര്‍ഗന്‍ടെക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആവേശം തുളുമ്പിയ കലാ ആസ്വാദകരെ സാക്ഷിയാക്കി ഗുരു ബീന മേനോന്‍, ദിയോ പ്രസാദ്, ശ്രീധര്‍ മേനോന്‍, റോയി മാത്യു, പാര്‍ത്ഥസാരഥി പിള്ള, സുനില്‍ ട്രൈസ്റാര്‍ എന്നിവര്‍ ചേര്‍ന്നു നിലവിളക്കു കൊളുത്തിയതോടെയാണു പ്രോഗ്രാമിന് തുടക്കമായത്.

തുടര്‍ന്നു പത്തു വര്‍ഷം മുമ്പു വിട പറഞ്ഞ ഭര്‍ത്താവ് തെക്കേടത്ത് ബാലകൃഷ്ണന്‍ മേനോന്‍ എന്ന അനിയന്‍ മേനോന്റെ ഓര്‍മ്മകള്‍ അനുസ്മരിച്ചു കൊണ്ട് ബീന മേനോന്‍ വികാരഭരിതയായി സംസാരിച്ചു. കലയെയും കലാപ്രസ്ഥാനങ്ങളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ബി.ടി മേനോന്‍. തന്റെ നൃത്ത സപര്യയ്ക്ക് താങ്ങും തണലുമായിരുന്നു. ഇതിനോടകം കലാശ്രീ അറുപതോളം അരങ്ങേറ്റങ്ങള്‍ നടത്തി. അഞ്ച് വയസ്സ് മുതല്‍ പ്രായമായവര്‍ വരെ ഇപ്പോഴും നൃത്തമഭ്യസിക്കാന്‍ വരുന്നു. ഈ വാര്‍ഷിക പരിപാടിക്ക് വേണ്ടി നൂറു കണക്കിന് മണിക്കൂറുകളാണ് ഒട്ടനവധി പേര്‍ ചെലവഴിച്ചിട്ടുള്ളത്. ഇതെല്ലാം ഒരു ഡിവോഷന്റെ ഭാഗമാണ്. ഇന്നിവിടെ നടക്കുന്ന ഷോ എല്ലാവരുടെയും മനസ്സില്‍ എക്കാലവും നിലനില്‍ക്കാന്‍ പര്യാപ്തമായവയാണ്. പ്രോത്സാഹനം ഉണ്ടാവണം. ഒപ്പം ആസ്വദിക്കുകയും വേണം- ബീന പറഞ്ഞു.

മകന്‍ മനു മേനോന്‍ ആയിരുന്നു എംസി. കലാശ്രീയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ദശാവതാരം നൃത്തരൂപത്തില്‍ അരങ്ങേറിയത്. ഇരുന്നൂറിലധികം നര്‍ത്തകികളും ഒരു നര്‍ത്തകനും (കേശവ് അഗര്‍വാള്‍) ദശാവതാരം അരങ്ങിലെത്തിച്ചു. ഹിന്ദുപുരാണങ്ങളസരിച്ച്ു മഹാവിഷ്ണുവിന്റെ അവതാരങ്ങളെയാണ് ദശാവതാരങ്ങള്‍ എന്നു പറയുന്നത് . മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങള്‍.

പ്രോഗ്രാം സ്പോണ്‍സര്‍ ദിയോ പ്രസാദ്, മികച്ചതായി പാര്‍ത്ഥസാരഥി പിള്ള വിധിയെഴുതിയ മത്സ്യാവതാര നര്‍ത്തകികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഗുരുദക്ഷിണയുമായി ബീനാ മേനോന് വന്ദനം അര്‍പ്പിച്ച് നൃത്തോപാസകരായ കുരുന്നുകള്‍ പാദ അനുഗ്രഹം തേടി. ഗുരു ബീന മേനോന്‍ തലയില്‍ കൈവച്ച് അനുഗ്രഹവും നല്‍കി.

ലൈവ് ഓര്‍ക്കസ്ട്രയില്‍ പങ്കെടുത്തവര്‍: നാട്ടുവങ്കം- ഗുരു ബീനാ മേനോന്‍, വോക്കല്‍-സാവിത്രി രാമാനന്ദ്, മൃദംഗം- മുരളി ബാലചന്ദ്രന്‍, വയലിന്‍-രഘോത്തം ജയതീര്‍ത്ഥ, ഫ്ളൂട്ട്- ബാലചന്ദ്രന്‍ കൃഷ്ണരാജ്, കീബോര്‍ഡ്- പവിത്ര സുന്ദര്‍, തംബുരു- ദിവ്യ മേരി ജയിംസ്. സൌണ്ടും ലൈറ്റിങ്ങും സൌണ്ട് വേവ്സ് കൈകാര്യം ചെയ്തു. ബാലു മേനോന്‍ ആയിരുന്നു ഫോട്ടോഗ്രാഫര്‍.

പ്രശസ്തമായ ബോളിവുഡ്, കോളിവുഡ്, മോളിവുഡ് പാട്ടുകള്‍ക്കൊപ്പം കലാശ്രീയുടെ സീനിയേഴ്സും, പഠിച്ചിറങ്ങി അരങ്ങേറ്റവും കഴിഞ്ഞ് കുടുംബിനികളായി കഴിയുന്നവരുമായവരും അരങ്ങില്‍ നാട്യവിസ്മയമൊരുക്കി. ആസ്വാദകരുടെ മനസില്‍ എന്നെന്നും ഓര്‍മ്മിപ്പിക്കത്തക്ക നൃത്തചുവടുകളുമായാണ് ഇവര്‍ വേദി കീഴടക്കിയത്. അതിമനോഹരമായ കോസ്റ്യൂംസ്, ഒപ്പം മികച്ച കോറിയോഗ്രാഫിയും ചേര്‍ന്ന് ദശാവതാരത്തെ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ എക്കാലത്തെയും മികച്ച ഷോകളില്‍ ഒന്നാക്കി മാറ്റി. അമേരിക്കയിലെ ഏറ്റവും മികച്ച ഡാന്‍സ് സ്കൂളാണ് കലാശ്രീ എന്ന പേരും പെരുമയും നിലനിര്‍ത്തും വിധം ഗംഭീരമായ വിധത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. ഫോട്ടോ: ബാലു മേനോന്‍, ഫോട്ടോമാജിക്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍