ഡാളസ് എയ്സ് ലയണ്‍സ് ക്ളബ് 'ഹൃദയ സ്പര്‍ശം' 2015 ലക്ഷ്യ പ്രാപ്തിയിലേക്ക്
Wednesday, October 28, 2015 5:20 AM IST
ഡാളസ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രധാന ലക്ഷ്യമാക്കി 2012 ല്‍ ഡാളസില്‍ പ്രവര്‍ത്തനമാരംഭിച്ച ഡാളസ് എയ്സ് ലയണ്‍സ് ക്ളബിന്റെ പദ്ധതിയായ ഹൃദയ സ്പര്‍ശം 2015ന്റെ ധനസമാഹരണ പരിപാടി 'ഋതു ബഹാര്‍' നിറഞ്ഞ സദസില്‍ നടത്തപ്പെട്ടു. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന സംഗീത നൃത്ത പരിപാടി സ്ത്രീയെ പ്രകൃതിയായി കണ്ട്, ഋതുക്കളെ അവളുടെ വികാര ഭാവങ്ങളായി ആവിഷ്കരിച്ച ഒന്നായിരുന്നു.

എയ്സ് ക്ളബ് പ്രസിഡന്റ് പോള്‍ സെബാസ്റ്യന്‍ സ്വാഗതമാശംസിച്ചു. പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തിയ പരിപാടി വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

സാമ്പത്തിക ക്ളേശം മൂലം ഹൃദയ ശസ്ത്രക്രിയ നടത്താന്‍ സാധിക്കാത്ത മലയാളികള്‍ക്കു സൌജന്യ ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ട സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ വിവിധ ആശുപത്രികള്‍ കന്ദ്രീകരിച്ച് നടപ്പാക്കി വരുന്ന ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ ദീര്‍ഘകാല പ്രവൃത്തി പരിചയമുളള റവ. ഡോ. വര്‍ഗീസ് പോളാണ്.

പരിപാടിയിലൂടെ സമാഹരിച്ച തുകയ്ക്കുളള ചെക്ക് സെക്രട്ടറി മനോജ് ഓലിക്കലിന്റെയും ട്രഷറര്‍ ബിജു തോമസിന്റേയും സാന്നിദ്ധ്യത്തില്‍ കാതെലിന്‍ ടൈര്‍ (ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍സ് ക്ളബ്) റവ. ഫാ. വര്‍ഗീസ് പോളിന് കൈമാറി. ക്ളബിന്റെ സേവന രംഗത്ത് ആദ്യമായി നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിക്കായി സമാഹരിച്ച തുക കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നിര്‍ദ്ധനരായ അഞ്ച് രോഗികളുടെ ഹൃദയ ശസ്ത്രക്രിയക്കായി നീക്കിവയ്ക്കും. പദ്ധതിയുടെ വിജയത്തിനായി അകമഴിഞ്ഞു സഹകരിക്കുന്ന എല്ലാ ക്ളബംഗങ്ങളോടും സ്പോണ്‍സറന്മാരോടും ഇതിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്ന ഏവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പോള്‍ സെബാസ്റ്യന്‍ (പ്രസിഡന്റ്) : 214 207 9341, മനോജ് ഓലിക്കല്‍ (സെക്രട്ടറി) : 847 845 8390.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍