ഓസ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളും ദേവാലയ കൂദാശയുടെ വാര്‍ഷികവും
Wednesday, October 28, 2015 5:18 AM IST
ഓസ്റിന്‍: കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനു കൂദാശ ചെയ്ത സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ നാമകരണ തിരുനാളും ദേവാലയ കൂദാശയുടെ പ്രഥമ വാര്‍ഷികവും സംയുക്തമായി ഈവരുന്ന നവംബര്‍ ഏഴാം തീയതി ശനിയാഴ്ച വിവിധ പരിപാടികളോടെ പൂര്‍വാധികം ഭംഗിയായി നടത്തപ്പെടുന്നതാണ്. തിരുനാളിന്റെ വിജയത്തിനായി വികാരി റവ.ഫാ. ഡൊമിനിക് പെരുനിലം, കൈക്കാരന്മാരായ അനൂപ് ജോസഫ്, സിബി പൈങ്ങോട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഇടവകയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച ബിഎംഡബ്യു കാര്‍ റാഫിളിന്റെ നറുക്കെടുപ്പും അന്നേദിവസം നടത്തപ്പെടുന്നതാണ്.

ഇടവയില്‍ മുന്‍കാലങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള വൈദീകരെ ആദരിക്കുകയും അവരുടേയും മറ്റു വൈദീകരുടേയും നേതൃത്വത്തില്‍ ആഘോഷമായ വിശുദ്ധ ബലി അര്‍പ്പിക്കുന്നതുമാണ്.

തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ ഭക്ത്യാദരങ്ങളോടെ നടത്തുന്നതാണ്. പ്രദക്ഷിണത്തിനും സമാപനാശീര്‍വാദത്തിനുംശേഷം സുപ്രസിദ്ധ ക്രൈസ്തവ ഭക്തിഗായകനായ നൈനാന്‍ കോടിയാട്ട് അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീതവിരുന്നും നടക്കും. ഈ സംഗീത വിരുന്നിനിടയില്‍ ഇടവകയില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച റാഫിളിന്റെ രണ്ടാം സമ്മാനമായ എല്‍ജി 60 ഇഞ്ച് ഫ്ളാറ്റ് ടിവിയുടേയും ഒന്നാം സമ്മാനമായ ബിഎംഡബ്യു കാറിന്റേയും ഉടമകളായ ഭാഗ്യശാലികളെ നറുപ്പെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതാണ്.

ഈ ദേവാലയവും ഇതുസ്ഥിതിചെയ്യുന്ന 23 ഏക്കര്‍ സ്ഥലവും ഇടവകയ്ക്കു സ്വന്തമായത് അല്‍ഫോന്‍സാമ്മയുടെ അത്ഭുത പ്രവര്‍ത്തിയിലൂടെയാണ്. വിശുദ്ധയുടെ തിരുനാളില്‍ സംബന്ധിക്കുവാനും മധ്യസ്ഥതയ്ക്കായി പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടുവാനും ഈവര്‍ഷവും നിരവധി ആളുകള്‍ എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കും, തിരുനാള്‍ പ്രസുദേന്തി ആകുവാനും, പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടുവാനും താത്പര്യമുള്ളവര്‍ വികാരി ഡൊമിനിക് പെരുനിലവുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ 732 357 7757.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ് ജോസഫ് 512 350 3162, സിബി 651 208 2781. സണ്ണി തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം