ബെന്‍സലേം പെരുന്നാളിനു കൊടിയേറി
Wednesday, October 28, 2015 5:17 AM IST
ഫിലഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനു ഭക്തിസാന്ദ്രമായ തുടക്കമായി. ഒക്ടോബര്‍ 25-നു ഞായറാഴ്ച ആരാധനയ്ക്കുശേഷം നടന്ന ആഘോഷമായ കൊടിയേറ്റത്തിനു ഇടവക സ്ഥാപക വികാരി വെരി റവ. മത്തായി കോര്‍എപ്പിസ്കോപ്പ നേതൃത്വം നല്‍കി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പെരുന്നാള്‍ ആചരണത്തിന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തിന്റെ ഡയറക്ടര്‍ റവ.ഫാ. പി.എ. ഫിലിപ്പ് ചടങ്ങുകളില്‍ പങ്കെടുക്കും.

ഒക്ടോബര്‍ 26-നു തിങ്കളാഴ്ച മുതല്‍ 29 വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 9.30-നു ടെലികോണ്‍ഫറന്‍സ് പ്രയര്‍ലൈന്‍ വഴിയായി ഒരുക്കധ്യാനം നടക്കും. റവ.ഫാ. വര്‍ഗീസ് മീനടം, റവ.ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി ബാംഗ്ളൂര്‍, റവ.ഫാ. ലിജേഷ് ചിറത്തിലാട്ട് കോട്ടയം എന്നിവര്‍ ധ്യാനം നടക്കും.

ഒക്ടോബര്‍ 30-നു വെള്ളിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരവും, വിശുദ്ധ കുര്‍ബാനയും, ബൈബിള്‍ പ്രഭാഷണവും നടക്കും. റവ.ഫാ. പി.എ. ഫിലിപ്പ് നേതൃത്വം നല്‍കും.

ഒക്ടോബര്‍ 31-നു വൈകിട്ട് നാലു മുതല്‍ ആറു വരെ ഇടവക സംഗമമായ 'കൂദോശ് ഈത്തോ' കോണ്‍ഫറന്‍സ് നടക്കും. 'ആരാധാന ജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത സെമിനാര്‍ നയിക്കും. തുടര്‍ന്നു 6.30-നു സന്ധ്യാനമസ്കാരവും പ്രഭാഷണവും ഉണ്ടായിരിക്കും.

പ്രധാന പെരുന്നാള്‍ ദിനമായ നവംബര്‍ ഒന്നിനു ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്കാരവും തുടര്‍ന്ന്, അഭിവന്ദ്യ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും നടക്കും. പെരുന്നാള്‍ സന്ദേശത്തിനുശേഷം വര്‍ണശബളമായ പ്രദക്ഷിണം നടക്കും. സെന്റ് ഗ്രിഗോറിയോസ് ശിങ്കാരിമേളം, സെന്റ് തോമസ് ചെണ്ടമേളം, മുത്തുക്കുടകള്‍, അലങ്കാരങ്ങള്‍ എന്നിവ പ്രദക്ഷിണത്തിനു മാറ്റുകൂട്ടും. പരുമല തിരുമേനിയോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും പരമ്പരാഗത വാഴ്വിനും ശേഷം പെരുന്നാള്‍ സദ്യയും നേര്‍ച്ചയും ഉണ്ടായിരിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്ന് അനേകര്‍ പങ്കെടുക്കുന്ന പെരുന്നാളിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി വികാരി ഫാ. ഷിബു മത്തായി, ജനറല്‍ കണ്‍വീനര്‍ ബിനു ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം