ഹൂസ്റണില്‍ തെരുവുനായ്ക്കളുടെ അക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്
Tuesday, October 27, 2015 6:56 AM IST
ഹൂസ്റണ്‍: നോര്‍ത്ത് ഹൂസ്റണ്‍ ഫോറസ്റ് വുഡ് സബ് ഡിവിഷനില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റതായി ഹാരിസ് കൌണ്ടി ഷെറിഫ് ബാര്‍ജന്റ് സെഡറിക് കോളിയര്‍ പറഞ്ഞു. കുട്ടികള്‍ സ്കൂള്‍ ബസില്‍ പോകുന്നതിനായി വീട്ടില്‍ നിന്നും പുറപ്പെട്ട ഉടനെയായിരുന്നു തെരുവു നായ്ക്കളുടെ ആക്രമണം. കുട്ടികളെ രക്ഷപ്പെടുത്തുവാനുളള ശ്രമത്തില്‍ അന്റോണിയൊ എന്ന വ്യക്തിക്കു കടിയേറ്റു.

ഇതിനു പിന്നാലെ മറ്റൊരു സ്ത്രീയും പുരുഷനും ആക്രമണത്തിനു ഇരയാവുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്നു പോലീസും മൃഗ സംരക്ഷണ വകുപ്പും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഒരു നായെ വെടിവച്ചിടുകയും മറ്റൊന്നിനെ മയക്കു വെടിവച്ചു പിടികൂടുകയും ചെയ്തു. നായയെ വളര്‍ത്തുന്നവര്‍ പാലിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാണെങ്കിലും പല സ്ഥലങ്ങളിലും തെരുവുകളില്‍ നായ്ക്കള്‍ അലഞ്ഞു നടക്കുന്നതും ആക്രമിക്കുന്നതും സാധാരണയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍