എന്‍ജിനീയറിംഗ് അസോസിയേഷന്‍ ഫാമിലി നൈറ്റ് എഡിസണില്‍
Tuesday, October 27, 2015 5:42 AM IST
ന്യൂജേഴ്സി: കേരള എന്‍ജിനിയേഴ്സ് അസോസിയേഷന്റെ (കീന്‍) 2015 ഫാമിലി നൈറ്റ് എഡിസണിലുള്ള ഹോട്ടല്‍ എഡിസണില്‍ വച്ചു നടത്തുവാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഫാമിലിനൈറ്റില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ എല്ലാ എന്‍ജിനിയറിംഗ് ഗ്രാജ്വേറ്റ് എന്‍ജിനിയേഴ്സിനെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജയ്സണ്‍ അലക്സ് അറിയിച്ചു.

വൈകുന്നേരം അഞ്ചിനു തുടങ്ങുന്ന പരിപാടിയില്‍ എന്‍ജിനിയറിംഗ് മേഖലയില്‍ പ്രാവീണ്യം നേടിയ പ്രമുഖവ്യക്തികളെ ആദരിക്കുന്നതായിരിക്കും. എന്‍ജിനിയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ദാനവും തദവസരത്തില്‍ നടക്കും. ടെക്സസില്‍ റൈസ് യൂണിവേഴ്സിറ്റിയില്‍ നാനോ ടെക്നോളജിയില്‍ ഗവേഷണവിഭാഗം തലവനായ പ്രഫസര്‍ പുളിക്കല്‍ അജയനെ '2015 എന്‍ജിനിയര്‍ ഓഫ് ദ ഇയര്‍' ആയി തെരഞ്ഞെടുത്തിട്ടുണ്ട്. നാനോവിദ്യയില്‍ രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ഡോ. അജയന്‍ തന്റെ ഗവേഷണരംഗത്തെപറ്റി ഒരു അവലോകനം നല്‍കുന്നതായിരിക്കും. മെറ്റീരിയല്‍ സയന്‍സ് നാനോ എന്‍ജിനീയറിംഗ് വകുപ്പിന്റെ സ്ഥാപക അധ്യക്ഷനായ ഡോ. അജയന്‍ 40 പേരുളള ഗവേഷണസംഘത്തിന്റെ തലവനാണ്. അടുത്ത തലമുറയിലെ അടിസ്ഥാനവിദ്യയായി മാറിക്കൊണ്ടിരിക്കുന്ന നാനോ വിദ്യയില്‍ പല കണ്ടുപിടിത്തങ്ങളും നടത്തിയിരിക്കുന്ന ഡോ. അജയന്‍ ഇതിനകം ലോകപ്രശസ്തനാണ്. നാനോ ബ്രഷ്, ഡാര്‍ക് മാറ്റര്‍, നാനോ മീറ്റര്‍, നാനോ ഫില്‍ട്ടര്‍, നാനോ സ്പോഞ്ച് എന്നിവ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളില്‍ ചിലതുമാത്രം.

കീന്‍ സ്കോളര്‍ഷിപ്പിനു അര്‍ഹരായ കുട്ടികള്‍ക്കും എന്‍ജിനിയേഴ്സിനു മാതൃകയായിരിക്കുന്ന മാതൃകാ എന്‍ജിനിയേഴ്സിനും അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. കീന്‍ ഇതിനോടകം 42 കുട്ടികളെ കേരളത്തിലെ വിവിധ എന്‍ജിനിയറിംഗ് കോളജുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയില്‍ എന്‍ജിനിയറിംഗിന് ഈ വര്‍ഷം ചേരുന്ന കുട്ടികള്‍ക്കും കീനിന്റെ പ്രത്യേക സ്കോളര്‍ഷിപ്പ് നല്‍കപ്പെടുന്നതാണ്. ഈ അവസരത്തില്‍ എന്‍ജിനീയറിംഗ് ടീച്ചര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും കേരളത്തിലെ മലിനീകരണത്തിനെതിരെയുള്ള പ്രവര്‍ത്തന അവാര്‍ഡും പ്രഖ്യാപിക്കുന്നതായിരിക്കും. ഡോ. സുരേഷ്കുമാറാണ് കീനോട്ട് സ്പീക്കര്‍. സോഫിയുടെയും മാലിനിയുടെയും നേതൃത്വത്തിലുള്ള നൃത്തങ്ങളും തഹസീന്‍, സുമ, മനോജ് കൈപ്പിള്ളി, ജോഷി എന്നിവരുടെ ഗാനങ്ങളും പരിപാടിക്ക് മിഴിവേകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയ്സണ്‍ അലക്സ്: (914) 645 9899, ഫിലിപ്പോസ് ഫിലിപ്പ് (845) 642 2060, അജിത് ചിറയില്‍ (609) 532 4007, ഷാജി കുര്യാക്കോസ് (845) 321 9015.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍