ഫോമ യംഗ് പ്രഫഷണല്‍ സമ്മിറ്റ് നവംബര്‍ 21നു ഡിട്രോയിറ്റില്‍
Tuesday, October 27, 2015 5:41 AM IST
ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെയും ഇതര ഭാഷകളിലെയും അഭ്യസ്തവിദ്യരായ യുവ ഉദ്യോഗാര്‍ഥികളെ, തൊഴില്‍രംഗത്തും, ബിസിനസ് രംഗത്തും ഉപദേശങ്ങള്‍ നല്‍കാനും കൈ പിടിച്ചു ഉയര്‍ത്താനും, നോര്‍ത്ത് അമേരിക്കയിലെ 65-ഓളം മലയാളി സംഘടനകളെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ)സംഘടിപ്പിക്കുന്ന യംഗ് പ്രഫഷണല്‍ സമ്മിറ്റ് 2015, ലോകത്തിന്റെ മോട്ടോര്‍ സിറ്റിയായ ഡിട്രോയിറ്റില്‍ നടത്തും. വൈപിഎസ് @ ഡിട്രോയിറ്റ് 2015 എന്നു പേരു നല്കിയിരിക്കുന്ന പരിപാടി 2015 നവംബര്‍ 21-നു മിഷിഗണിലെ ഡിയര്‍ബോണ്‍ സിറ്റിയിലെ ഹെന്രി ഫോര്‍ഡ് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം എട്ടുവരെയാണു നടത്തുന്നത്.

2013ല്‍ ന്യൂജേഴ്സിയില്‍ നടത്തി വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ യംഗ് പ്രഫഷണല്‍ സമ്മിറ്റിനു നേതൃത്വം കൊടുത്തവരുംകൂടിയാണ് ഈ സമ്മിറ്റിനും നേതൃത്വം കൊടുക്കുന്നത്. സമ്മിറ്റില്‍ പ്രഭാഷണം നല്കാന്‍ വിവിധ കമ്പനികളുടെ സിഇഒമാര്‍, മാനേജിംഗ് ഡയറക്ടര്‍മാര്‍ കൂടാതെ അമേരിക്കന്‍ ഐക്യ നാടുകളിലെത്തി ജീവിതത്തിലും ബിസിനസിലും വിജയം കൈവരിച്ച വ്യക്തികളുടെ മോട്ടിവേഷണല്‍ സ്പീച്ചും ഉണ്ടാകും. അതോടൊപ്പം അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി ഒരു ജോബ് ഫെയര്‍ കൂടി സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കയിലുടനീളമുള്ള വിവിധ കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കുന്നുണ്ട്.

ഫോമയൊരുക്കുന്ന ഈ ജനോപകാരപ്രദമായ സമ്മിറ്റ് പരമാവധി ഉപയോഗപ്പെടുത്തണമെന്നു ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറര്‍ ജോയി ആന്റണിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് കൊണ്ടൂര്‍ ഡേവിഡ് 3132084952, ഗിരീഷ് നായര്‍ 248 840 6455.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്