കേളി ദവാദ്മി ഏരിയ ഇലക്ഷന്‍ കണ്‍വന്‍ഷന്‍
Monday, October 26, 2015 8:23 AM IST
റിയാദ്: കേളി ദവാദ്മി ഏരിയയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം സമസ്ത മേഖലകളിലും പരാജയമായിരുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അതേ ജനവിരുദ്ധ നയങ്ങള്‍ തന്നെയാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ നാലു വര്‍ഷത്തെ യുഡിഎഫ് ഭരണം കേരളം നാളിതുവരെ ആര്‍ജിച്ച എല്ലാ പുരോഗതിയെയും പിന്നോട്ടടിച്ചു. മന്ത്രിമാരുള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനമാകെ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുന്നു. സംസ്ഥാനത്ത് മുന്‍പെങ്ങും ഇല്ലാത്തവിധം വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നു. ജാതി മത വര്‍ഗീയ ഫാസിസ്റ് ശക്തികളോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ മൃദു സമീപനം ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതുപോലെ കേരളത്തിലും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വര്‍ഗീയ ഫാസിസ്റ് ശക്തികളുടെ ആസൂത്രിത കടന്നാക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനിടയാകുമെന്നും കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ ആശങ്ക പ്രകടിപ്പിച്ചു.

ദവാദ്മിയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ ഹംസ തവനൂര്‍ അധ്യക്ഷത വഹിച്ചു. പ്രിയേഷ്, പ്രകാശന്‍ പയ്യന്നൂര്‍, അനില്‍ ഫിലിപ്പ്, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി സ്വാഗതവും ഷാജി പ്ളാവിളയില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍