മുഹമ്മദലിയുടെ ഘാതകര്‍ക്ക് ബന്ധുക്കള്‍ മാപ്പു നല്‍കി
Monday, October 26, 2015 8:20 AM IST
റിയാദ്: സിഗ്നലില്‍ വാഹനത്തിനു സൈഡ് നല്‍കുന്നതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ തലയ്ക്കു അടിയേറ്റു മരിച്ച പട്ടാമ്പി സ്വദേശി മുഹമ്മദലി പൂഴിക്കുന്നത്തിന്റെ ബന്ധുക്കള്‍ പ്രതികളായ സൌദി യുവാക്കള്‍ക്കു മാപ്പു നല്‍കുന്നതായി പ്രഖ്യാപിച്ചു.

സാമൂഹ്യ പ്രവര്‍ത്തകനും നോര്‍ക്ക സൌദി പ്രതിനിധിയുമായി ശിഹാബ് കൊട്ടുകാടിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നു മുഹമ്മദലിയുടെ ബന്ധുവും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് നിര്‍ധനരായ മുഹമ്മദലിയുടെ അനാഥരായ കുടുംബം ദയാധനം സ്വീകരിച്ച് പ്രതികള്‍ക്കു മാപ്പു നല്‍കാന്‍ തീരുമാനിച്ചത്.

2013 ഓഗസ്റ് അഞ്ചിനാണ് കേസിനാസ്പദമായി സംഭവം. റിയാദിലെ ദാഖല്‍ മൌദൂദില്‍ വീട്ടു ഡ്രൈവറായിരുന്ന മുഹമ്മദലിക്ക് ബദിയയിലെ സുഖ് ശഹബിയയുടെ മുമ്പില്‍ വച്ചാണ് സൌദി യുവാക്കളില്‍ നിന്നും അടിയേല്‍ക്കുന്നത്. വൈകുന്നേരം നോമ്പ് തുറക്കുന്ന സമയമായതിനാലുള്ള ഗതാഗതകുരുക്കില്‍പ്പെട്ട മുഹമ്മദലിയുടെ കാര്‍ മുന്നോട്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു കാറില്‍ സഞ്ചരിച്ചിരുന്ന രണ്ട് സൌദി യുവാക്കളുമായി വാക്കു തര്‍ക്കമുണ്ടാവുകയായിരുന്നു. വണ്ടി നിര്‍ത്തി ഇറങ്ങി വന്ന സൌദി യുവാക്കള്‍ മുഹമ്മദലിക്കു നേരെ ശകാര വര്‍ഷം നടത്തുകയും മുഖത്തും തലയ്ക്കും അടിക്കുകയുമായിരുന്നു. ദൃക്സാക്ഷിയായ സൌദി പൌരന്‍ ഇടപെട്ടാണ് രണ്ടു പേരേയും പിന്തിരിപ്പിച്ചത്. അവര്‍ പോകുന്നതിനു മുമ്പു സൌദി പൌരന്‍ വണ്ടിയുടെ നമ്പര്‍ കുറിച്ചെടുത്ത് മുഹമ്മദലിയുടെ സുഹൃത്തിനു നല്‍കിയതാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്. സ്പോണ്‍സറുടെ വീട്ടിലെത്തിയ മുഹമ്മദലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള പ്രിന്‍സ് സല്‍മാന്‍ ആശുപത്രിയില്‍ മുഹമ്മദലിയെ പ്രവേശിപ്പിച്ചെങ്കിലും ശക്തമായ അടിയില്‍ തലയിലെ ഞരമ്പ് പൊട്ടി രക്തം കട്ടപിടിച്ചതിനാല്‍ ഗുരുതരാവസ്ഥയിലായ മുഹമ്മദലി ഓഗസ്റ് 11നു മരിച്ചു. തുടര്‍ന്നു ബദീയ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി. പോലീസ് സ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ മുഹമ്മദലിയുടെ കൂടെയുണ്ടായിരുന്ന മലയാളി സുഹൃത്തും ദൃക്സാക്ഷിയായ സൌദി പൌരനും പ്രതികളെ തിരിച്ചറിഞ്ഞു.

മുഹമ്മദലിയുടെ ബന്ധുവായ ഷാഫി പറമ്പില്‍ എംഎല്‍എ ഈ വിഷയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നു കേസില്‍ ഇടപെടുന്നതിനായി മുഖ്യമന്ത്രിയാണ് ശിഹാബ് കൊട്ടുകാടിനോട് ആവശ്യപ്പെട്ടത്. ബന്ധുക്കള്‍ പവ്വര്‍ ഓഫ് അറ്റോര്‍ണി നല്‍കിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ എംബസി കേസ് നടത്തുന്നതിനുള്ള അധികാര പത്രം ശിഹാബ് കൊട്ടുകാടിനു നല്‍കി. മുഹമ്മദലിയുടെ മൃതദേഹം ഇന്ത്യന്‍ എംബസിയുടെ ചെലവില്‍ നാട്ടിലയച്ചു.

സംഭവത്തോടനുബന്ധിച്ചു പോലീസ് പിടിയിലായ ഹസന്‍ അലി, യാസര്‍ അലി എന്നീ സൌദി പൌരന്‍മാരുടെ പിതാവ് കേസില്‍ ഒത്തുതീര്‍പ്പിനായി ശിഹാബിനെ സമീപിക്കുകയായിരുന്നു. മനഃപൂര്‍വ്വം കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെയല്ല മുഹമ്മദലി മരണപ്പെട്ടത് എന്നതിനാലും മുഹമ്മദലിയുടെ കുടുംബത്തിന്റെ അവസ്ഥ ബോധ്യപ്പെട്ടതിനാലും ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കാനുള്ള ചര്‍ച്ചക്ക് ശിഹാബ് മുന്‍കൈ എടുക്കുകയായിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ദിവസം ശിഹാബ് കൊട്ടുകാടും പ്രതികളുടെ പിതാവും റിയാദിലെ പ്രമുഖ നിയമജ്ഞന്റെ ഓഫീസില്‍ വച്ച്കരാറില്‍ ഒപ്പുവച്ചു.

പബ്ളിക് റൈറ്റ് പ്രകാരം ഇതിനകം റിയാദ് ക്രിമിനല്‍ കോടതി വിധി പ്രസ്താവിച്ചിരുന്നു. ഹസന്‍ അലിക്ക് അഞ്ചു വര്‍ഷം തടവും യാസര്‍ അലിക്ക് രണ്ടര വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. മുഹമ്മദലിയുടെ ബന്ധുക്കള്‍ പ്രതികള്‍ക്ക് മാപ്പു നല്‍കാന്‍ തയാറാണെന്ന് അറിയിച്ചുകൊണ്ട് ശിഹാബ് കൊട്ടുകാട് ഒക്ടോബര്‍ 20 റിയാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിച്ചു കൊണ്ട് ഉടനെ കോടതിയില്‍ നിന്നും ഈ കേസില്‍ ഒരു തീര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശിഹാബ് പറഞ്ഞു.

ഭാര്യ: മൈമൂന. മക്കള്‍: വിദ്യാര്‍ഥികളായ മുഹ്നിസ്, മിസ്ഹാബ്, മുഹ്മിനത്ത്, ഹന്നത്ത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍