ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണത്തിനു തുടക്കം
Monday, October 26, 2015 7:48 AM IST
ബ്രാംപ്ടണ്‍: ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാവിലെ 10.50ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മന്ത്രോച്ചാരണത്തോടെ ക്ഷേത്രം പ്രധാന പൂജാരിയും തന്ത്രിയുമായ കണിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി നാളികേരം ഉടച്ച് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ആദ്യ പടി ആയ ഭൂമി ഇളക്കല്‍ പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. തുടര്‍ന്നു ഗുരുവായൂര്‍ ക്ഷേത്രം ബോര്‍ഡ് പ്രസിഡന്റ് ഡോ. കുട്ടി, ക്ഷേത്രം തന്ത്രി ദിവാകരാന്‍ നമ്പൂതിരി എന്നിവര്‍ ഭക്ത ജനങ്ങളുടെ നാമജപം ഉയര്‍ന്ന അന്തരീക്ഷത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഒപ്പിട്ട കരാറുകളും ഡ്രോയിംഗുകളും എവര്‍ സ്ട്രോംഗ് കമ്പനിയുടെ പ്രതിനിധിക്കു കൈമാറി.

ചിന്മയ മിഷന്‍ ടൊറന്റോയുടെ സ്വാമിജി ശിവ പ്രിയാനന്ദ സ്വാമിനി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എവര്‍ സ്ട്രോംഗ് മേലധികാരി, പ്രോജക്ട് കണ്‍സള്‍ട്ടന്റ് എസ് ഗുപ്ത, പ്രോജക്ട് മാനേജര്‍ ജഗദീഷ് നായര്‍, ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, എസ്എന്‍ഡിപി പ്രസിഡന്റ് ശ്രീകുമാര്‍, ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബ് പ്രസിഡന്റ്, ജയശങ്കര്‍ പിള്ള, ടൊറേന്റോ,മലയാളി സമാജം,കനേഡിയന്‍ മലയാളി സമാജം ഭാരവാഹികള്‍, ഓം കാനഡയുടെ മുഖ്യ രക്ഷാധികാരി രാജ് തലപ്പത്ത്, ഹാമില്‍ട്ടന്‍ മലയാളി, ഡൌണ്‍ ടൌണ്‍ മലയാളി, ഇംസ കാനഡ പ്രതിനിധികള്‍, വ്യവസായ പ്രമുഖന്‍ മനോജ് കരാത്ത, ജയ് നായര്‍, കാഥികന്‍ ജോയ് ഉടുമ്പന്നൂര്‍, റിലിജിയസ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഭക്ത ജനങ്ങളുടെ ഘോഷയാത്രയോടെ താത്കാലിക ക്ഷേത്രത്തില്‍നിന്നു ക്ഷേത്ര നിര്‍മാണത്തിനാവശ്യമായ രേഖകള്‍ സൈറ്റിലേയ്ക്കു കൊണ്ടുവരികയും തുടര്‍ന്നു പൂജകളോടെ മണ്ണ് ഇളക്കുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്തു.

2016 ഡിസംബര്‍ നകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാവുമെന്നും യഥാവിധി പ്രകാരം ഉള്ള സമയം കുറിച്ചതിനുശേഷം പ്രതിഷ്ഠാകര്‍മങ്ങള്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള