തൃശൂര്‍ ജില്ലാ സൌഹൃദവേദി കുടുംബസംഗമം നടത്തി
Monday, October 26, 2015 7:43 AM IST
റിയാദ്: പ്രമുഖ ജീവകാരുണ്യ സംഘടനയായ തൃശൂര്‍ ജില്ലാ സൌഹൃദവേദി 12-ാമത് കുടുംബസംഗമം വിപുലമായ പരിപാടികളോടെ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒയും തൃശൂര്‍ ജില്ലാ സൌഹൃദവേദി അംഗവുമായ നാസര്‍ അബൂബക്കര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ബഷീര്‍ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍ നാട്ടിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തൃശൂര്‍ ജില്ലാ സൌഹൃദവേദി സെക്രട്ടറിയും എന്‍ആര്‍ഐ കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ മാള മുഹയുദ്ദീന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

മുഖ്യരക്ഷാധികാരി സി.കെ. മേനോന്‍ ടെലിഫോണിലൂടെ സദസിനെ അഭിസംബോധന ചെയ്തു. തൃശൂര്‍ ജില്ലാ സൌഹൃദവേദി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ നിയാസ് ഒമര്‍, ടോണി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തൃശൂര്‍ ജില്ലാ സൌഹൃദവേദി കോഓഡിനേറ്റര്‍ സുരേഷ് ശങ്കര്‍ സ്വാഗതവും കുടുംബസംഗമം കണ്‍വീനര്‍ ലോറന്‍സ് അറയ്ക്കല്‍ ചടങ്ങിനു നന്ദിയും പറഞ്ഞു.

തുടര്‍ന്നു സൌഹൃദവേദി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, ഗാനമേള എന്നിവ ആഘോഷ പരിപാടികള്‍ക്കു മാറ്റുകൂട്ടി.

ധനഞ്ജയകുമാര്‍, ശങ്കര വാരിയര്‍, റോഷ് ദാസ്, ബാബു, മുരളി, സോളമന്‍, വിക്രമന്‍, സന്തോഷ്, ശരത് ജോഷി ശിവദാസ്, പ്രകാശന്‍, ബിനോയ്, ജോസ്, അഷറഫ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.