സാരഥി കുവൈറ്റ് തീര്‍ത്ഥാടന ധര്‍മ്മ പതാകയുമായി ശിവഗിരിയിലേക്ക്
Monday, October 26, 2015 5:38 AM IST
കുവൈറ്റ്: 83-ാമതു ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തില്‍ അണിചേരുന്ന സാരഥി കുവൈറ്റിന്റെ ധര്‍മ്മ പതാകയുടെ ഉദ്ഘാടനം ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സെക്രട്ടറി വിജയന്‍ കാരായില്‍ നിര്‍വഹിച്ചു. ശിവഗിരി മഹാസമാധിയിലെ സ്വീകരണം ഏറ്റുവാങ്ങുന്ന പതാക തുടര്‍ന്നു ഡിസംബര്‍ 31-നു നടക്കുന്ന തീര്‍ത്ഥാടന ഘോഷയാത്രയിലും അണിനിരക്കും.

സാരഥി കുവൈറ്റിന്റെ പതിനാറാമതു വാര്‍ഷികവും ഓണാഘോഷ പരിപാടികളുടേയും ഉദ്ഘാടന ചടങ്ങിലാണ് ശിവഗിരി ധര്‍മ്മ സംഘത്തിന്റെ അനുമതി പ്രകാരം സാരഥിയുടെ തീര്‍ത്ഥാടന സംഘത്തിന്റെ തലവന്‍ സുഗുണന്‍ കെ.വി പതാക ഏറ്റുവാങ്ങിയത്.സാരഥി പ്രസിഡന്റ് കെ.സുരേഷ്,ജനറല്‍ സെക്രട്ടറി പ്രീതിമോന്‍,ട്രഷറര്‍ സിജു സദാശിവന്‍,സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്ത്,സാരഥി ട്രസ്റ് സെക്രട്ടറി ബിജു ഗംഗാധരന്‍,വനിതാവേദി ചെയര്‍പേഴ്സ്ണ്‍ മിനി കിഷോര്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

സാരഥി സാല്‍മിയ പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റില്‍ നടക്കുന്ന നാലാമത് തീര്‍ത്ഥാടന പരിപാടിയുടെ മുന്നോടിയായി കേരളത്തില്‍ നടന്ന വിളംബരജാഥയ്ക്ക് ശേഷമാണ് കുവൈറ്റില്‍ വിളംബരജാഥയ്ക്ക് തുടക്കമായത്. കേരളത്തിന് പുറത്ത് തുടര്‍ച്ചയായി നാലാം വര്‍ഷവും ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ധര്‍മ്മ പതാക വിളംബര ഘോഷയാത്ര നടത്തുന്ന ഏക സംഘടനയാണ് സാരഥി കുവൈറ്റ്.

ശ്രീനാരായണഗുരുദേവന്റെ പാദസ്പര്‍ശം കൊണ്ടു ധന്യമായി തീര്‍ന്ന ചെമ്പഴന്തി, അരുവിപ്പുറം, ശിവഗിരി, മൂലൂര്‍ സ്മാരകം എന്നീ സ്ഥലങ്ങളില്‍ നിന്നും, തൃക്കരങ്ങളാല്‍ സ്ഥാപിതമായ മഹത്തായ എസ്എന്‍ഡിപി യോഗത്തെ പ്രതിനിധീകരിക്കുന്നതുമായ പതാകകള്‍ കേരളത്തില്‍ പര്യടനം പൂര്‍ത്തിയാക്കി കുവൈറ്റില്‍ എത്തിചേര്‍ന്നു. ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തില്‍ പങ്കുചേരുന്ന ധര്‍മ്മ പതാക മറ്റ് പതാകകള്‍ക്കൊപ്പം സാരഥിയുടെ പന്ത്രണ്ട് ശാഖകളിലും പര്യടനം നടത്തി ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തില്‍ പങ്കെടുക്കാന്‍ ശിവഗിരിയിലേക്ക് പ്രയാണം ചെയ്യും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍