പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അരുവിക്കര ആവര്‍ത്തിക്കും: ഉമ്മന്‍ ചാണ്ടി
Saturday, October 24, 2015 8:30 AM IST
റിയാദ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം ആവര്‍ത്തിക്കുമെന്നും ബഹുഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്നും കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴിലുള്ള കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ടെലഫോണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലു വര്‍ഷത്തെ ഐക്യജനാധിപത്യ മുന്നണി ഭരണം കേരളത്തിനു നല്‍കിയിരിക്കുന്നത് വികസന വിപ്ളവമാണ്. ഏതു മേഖലയിലും കേരളം കുതിച്ചു ചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലക്ഷക്കണക്കിനു ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞ് പരിഹരിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. കാരുണ്യ പദ്ധതി പോലുള്ളവ വഴി പതിനായിരങ്ങള്‍ക്ക് ചികിത്സയടക്കം സഹായമെത്തിക്കാന്‍ സാധിച്ചു. പ്രവാസി വിഷയങ്ങളില്‍ മുന്‍പൊരിക്കലും ഒരു സര്‍ക്കാരും കൈക്കൊണ്ടിട്ടില്ലാത്ത ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ കാഴ്ച വച്ചത്. വികസനവും കരുതലും എന്ന മുദ്രാവാക്യം സാര്‍ഥകമാക്കിയ യുഡിഎഫ് സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമാകും തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലാ ഒഐസിസി പ്രസിഡന്റ് കരീം കൊടുവള്ളി അധ്യക്ഷത വഹിച്ച ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഷഫീഖ് കിനാലൂര്‍, അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശിനിക്കടവ്, മുഹമ്മദലി കൂടാളി, അസീസ് കോഴിക്കോട്, അസ്കര്‍ കണ്ണൂര്‍, നവാസ് വെള്ളിമാടുകുന്ന്, ഷാജി പാനൂര്‍, ഉമ്മര്‍ വലിയപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും കാരശേരി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.ടി അഷ്റഫ് മുക്കം, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി സുമ ബാലകൃഷ്ണന്‍ എന്നിവര്‍ ഫോണിലൂടെ വോട്ടഭ്യര്‍ഥിച്ചു. സജീഷ് കൂടാളി, ഹാഷിം, റഫീഖ്, ഉമ്മര്‍ ഷരീഫ്, അര്‍ഷാദ് എം.ടി, അഷ്റഫ് മേച്ചേരി, അബ്ദുള്ള അരിമല, നവാസ് കണ്ണൂര്‍, നാസര്‍ മാവൂര്‍, ഹസ്സന്‍ അലി, മോഹന്‍ദാസ്, അഭിലാഷ്, മുഹമ്മദ് കുഞ്ഞി കൊരളായി, ജോസഫ് തോമസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

കണ്ണൂര്‍ ഒഐസിസി പ്രസിഡന്റ് രഘുനാഥ് തളിയില്‍ സ്വാഗതവും സിനീഷ് തമ്പി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍