റിയാദ്വില്ലാസ് കപ്പ്-കേളി ഫൂട്ബോള്‍ ടൂര്‍ണമെന്റ്: റിയല്‍ കേരളക്ക് ജയം
Saturday, October 24, 2015 8:28 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ റിയല്‍ കേരള ജേതാക്കളായി. മൂന്നാം വാരം നസ്രിയ അല്‍ ആസിമ സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലാന്റേണ്‍ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റിയല്‍ കേരള തോല്‍പ്പിച്ചത്. ലാന്റേണ്‍ എഫ്സിയുടെ മുന്നേറ്റത്തിലൂടെയാണ് കളി തുടങ്ങിയതെങ്കിലും കിട്ടിയ അവസങ്ങള്‍ പലതും അവര്‍ പാഴാക്കി. ഫോര്‍വേര്‍ഡ് ഷക്കീലിന്റെ മനോഹരമായ ഒരു കോര്‍ണര്‍ കിക്ക് യൂണിവേഴ്സിറ്റി താരം കൂടിയായ മുനവര്‍ അതിവിദഗ്ദമായി ഗോളിയെ കബളിപ്പിച്ച് പോസ്റിന്റെ ഇടതുമൂലയിലേക്ക് പ്ളെയ്സ് ചെയ്ത് റിയല്‍ കേരളക്കുവേണ്ടി ആദ്യ ഗോള്‍ സ്വന്തമാക്കി (1-0). പിന്നീടങ്ങോട്ട് കളിയുടെ പൂര്‍ണ നിയന്ത്രണം റിയല്‍ കേരള ഏറ്റെടുത്തു. തുടര്‍ന്നു ഷബാബ് നല്‍കിയ മനോഹരമായ ഒരു ക്രോസ് ഹെഡ് ചെയ്ത് യാസര്‍ റിയല്‍ കേരളക്കുവേണ്ടി രണ്ടാമത്തെ ഗോള്‍ നേടി. ആദ്യ പകുതിയുടെ അവസാനം കളി തീരുമ്പോള്‍ ഇരു ടീമുകളുടെയും ഓരോ കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

രണ്ടാം പകുതിയുടെ 16-ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റി കിക്കിലൂടെ ലാന്റേണ്‍ എഫ്സിക്കുവേണ്ടി പ്രവീണ്‍ ആശ്വാസ ഗോള്‍ നേടി. പിന്നീടും അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ ലാന്റേണ്‍ എഫ്സിക്ക് കഴിഞ്ഞില്ല.

രണ്ടാമത്തെ മത്സരത്തില്‍ യൂത്ത് ഇന്ത്യയും ഒബയാര്‍ ട്രാവല്‍സും സമനിലയില്‍ പിരിഞ്ഞു. കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും നല്ല മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍പട്ടിക തുറക്കാന്‍ കഴിഞ്ഞില്ല. ഇരു ടീമുകളുടെയും ഗോള്‍ കീപ്പര്‍മാര്‍ നല്ല പ്രകടനമാണ് കാഴ്ചവച്ചത്.

മത്സരങ്ങള്‍ക്കു മുന്നോടിയായി ഔജാന്‍ ബിവറേജസ് കമ്പനി സീനിയര്‍ സെയില്‍സ് മാനേജര്‍ രാഗേഷ് എംസി, കീ അക്കൌണ്ട് മാനേജര്‍ ദിനേഷ് ഷെട്ടി, മറ്റു വിശിഷ്ടാതിഥികള്‍, കേളി ഭാരവാഹികള്‍ എന്നിവര്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു.

യുണിവേഴ്സിറ്റി താരം കൂടിയായ റിയല്‍ കേരളയുടെ മുനവര്‍ ആദ്യത്തെ മത്സരത്തിലെയും ഒബയാര്‍ ട്രാവല്‍സിന്റെ ഷിനു ജോഹന്‍ രണ്ടാമത്തെ മത്സരത്തിലെയും ഏറ്റവും നല്ല കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. സൌദി ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.

ടൂര്‍ണമെന്റിന്റെ നാലാമത്തെ ആഴ്ച്ച വൈകുന്നേരം 4.30നു റോയല്‍ എഫ്സിയും റിയല്‍ കേരളയും 6.30 നു യുഎഫ്സിയും ചാലിയാര്‍ റെയിന്‍ബോ സോക്കറും മാറ്റുരയ്ക്കും. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍