യുഡിഎഫ് വിജയം സുനിശ്ചിതമാക്കണം; മലപ്പുറം ജില്ലാ കെഎംസിസി
Friday, October 23, 2015 8:07 AM IST
റിയാദ്: നവംബറില്‍ നടക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കെഎംസിസി യുടെ മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി പങ്കെടുക്കണമെന്നും പരമാവധി വോട്ടുകള്‍ മുസ്ലിം ലീഗിനും യുഡിഎഫിനും അനുകൂലമായി രേഖപ്പെടുത്തപ്പെടാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അജയ്യമായി കേരളത്തില്‍ വടക്കു മുതല്‍ തെക്കു വരെ മുന്നേറുന്ന യുഡിഎഫിന്റെ നില ഭദ്രമാണെന്നും ജനങ്ങള്‍ വര്‍ഗീയ ഫാസിസ്റ് ശക്തികളേയും മതമൌലികവാദികളെയും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. വികസന വിരോധികള്‍ക്കും അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും ജനങ്ങള്‍ വോട്ടു നല്‍കില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ ഊര്‍ജസ്വലമായ പ്രവര്‍ത്തനം ഗള്‍ഫ് നാടുകളില്‍ നടത്തണമെന്നും അദ്ദേഹം കെഎംസിസി പ്രവര്‍ത്തകരെ ഉണര്‍ത്തി.

സൌദി നാഷണല്‍ കമ്മിറ്റി ഭാരവാഹി കെ.കെ. കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുസമദ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ റിയാദ് കെഎംസിസി നേതാക്കളായ കുന്നുമ്മല്‍ കോയ, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, എം. മൊയ്തീന്‍ കോയ, സി.പി. മുസ്തഫ ചെമ്മാട്, ഉസ്മാനലി പാലത്തിങ്കല്‍, അഷ്റഫ് കല്‍പ്പകഞ്ചേരി എന്നിവര്‍ സംസാരിച്ചു.

യൂനുസ് സലിം താഴേക്കോട്, മുജീബ് ഇരുമ്പുഴി, ഷാഫി എ.സി പുറത്തൂര്‍, ഹമീദ് വെട്ടത്തൂര്‍, അസീസ് വെങ്കിട്ട, ഹാരിസ് തലാപ്പില്‍, ഷൌക്കത്ത് കടമ്പോട്ട്, സാജിദ് മൂന്നിയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും അഡ്വ. അനീര്‍ ബാബു നന്ദിയും പറഞ്ഞു. റാഷിദ് കോട്ടുമല ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍