ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്നതു ക്രിയാത്മക ഇടപെടലുകള്‍: ജെ.എസ്. ഇന്ദുകുമാര്‍
Friday, October 23, 2015 7:39 AM IST
ന്യൂയോര്‍ക്ക്: ടെലിവിഷന്‍ ചാനലുകള്‍ സമൂഹത്തില്‍ ക്രിയാത്മക ഇടപെടലുകളാണു നടത്തുന്നതെന്നു ജയ്ഹിന്ദ് ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍. ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കാലത്ത് ആര്‍ക്കുവേണമെങ്കിലും ദൃശ്യമാധ്യമപ്രവര്‍ത്തകരാകാവുന്ന അവസ്ഥയാണ്. കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പോലും വാര്‍ത്താ പ്രാധാന്യം ഉള്ളതാണെങ്കില്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യും. പ്രവാസി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ദൃശ്യമേന്മയുള്ള മൊബൈല്‍ കാമറകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്നവ വാട്ട്സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴി വേഗത്തില്‍ ചാനലിന്റെ ന്യൂസ് റൂമില്‍ എത്തിക്കാം. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രവാസി മാധ്യമപ്രവര്‍ത്തകരും ദൃശ്യമാധ്യമ രംഗത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദീപക് കൈതക്കപ്പുഴ മോഡറേറ്റരായിരുന്ന സെമിനാറില്‍ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സ്കറിയ, ജനറല്‍ സെക്രട്ടറി വിനീത നായര്‍ എന്നിവരും പങ്കെടുത്തു.