പ്രകാശനം ചെയ്തു
Friday, October 23, 2015 7:30 AM IST
ദമാം: പിവീസ് ഗ്രൂപ്പ് മൂന്നു മുതല്‍ ആറു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ബണ്ണീസിന്റെ പ്രകാശനം ഒക്ടോബര്‍ 17നു (ശനി) അല്‍ഖൊസാമ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്നു. നിരവധി രക്ഷിതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ പിവീസ് ഗ്രൂപ്പ് അസിസ്റന്റ് ഡയറക്ടര്‍ ഓഫ് പ്രോഗ്രാംസ് ശ്രീദേവി മേനോന്‍ മുഖ്യാതിഥിയായിരുന്നു. സിബിഎസ്എ പാഠ്യപദ്ധതിയില്‍ കായിക വിദ്യാഭ്യാസത്തിനുള്ള സ്ഥാനത്തെക്കുറിച്ച് മുഖ്യാതിഥി വിശദീകരിച്ചു. പെണ്‍കുട്ടികളുടെ വിഭാഗം പ്രിന്‍സിപ്പല്‍ ഷിമി സിബി സ്വാഗതവും പ്രൈമറി ഹെഡ് ബെറ്റ്സി നിറ്റോ ജപ്പാനില്‍ നടന്ന ലോക സ്കൌട്സ് സമ്മേളനത്തിലെ അനുഭവങ്ങളും സ്കൌട്സ് ആന്‍ഡ് ഗൈഡ്സിന്റെ പ്രാധാന്യവും ലക്ഷ്യവും വിവരിച്ചു.

ബണ്ണീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കി കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കുമെന്നും ശ്രീപ്രിയ വിശദീകരിച്ചു. ഭാരത് സ്കൌട്ട്സിന്റെ സൌദി വിഭാഗം സെക്രട്ടറിയും പിവീസ് ഗ്രൂപ്പ് പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായ ബിനോ മാത്യു പിവീസ് ഗ്രൂപ്പിന്റെ സ്കൌട്സ് കര്‍മപദ്ധതികളെ കുറിച്ചും പിവീസ് ഗ്രൂപ്പിനു ലഭിച്ച അംഗീകാരങ്ങളെക്കുറിച്ചും ചടങ്ങില്‍ സംസാരിച്ചു. ജപ്പാനില്‍ നടന്ന ലോക സ്കൌട്ട്സ് സമ്മേളനത്തില്‍ അല്‍ഖൊസാമയില്‍നിന്നു പങ്കെടുത്ത ആന്‍സി വിജയന്‍, ഫ്ളിന്‍ നിറ്റോ എന്നീ വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും മുഖ്യാതിഥിയും പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോനും വൈസ് പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്യയയും ചേര്‍ന്ന് ആദരിച്ചു. റുക്സാനയും ചിത്രപ്രിയയും അവതാരകരായിരുന്നു. ഷീമ സെയ്ദ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം