സ്വകാര്യമേഖലയില്‍ സ്വദേശി വനിതകളുടെ എണ്ണം 670 ശതമാനം വര്‍ധിച്ചു: തൊഴില്‍ മന്ത്രാലയം
Friday, October 23, 2015 5:11 AM IST
ദമാം: നാലു വര്‍ഷം മുമ്പ് സൌദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്ന സ്വദേശി വനിതകള്‍ എഴുപതിനായിരം ആയിരുന്നു. എന്നാല്‍ 2015 പകുതി ആയപ്പോള്‍ ഇത് 468000 ആയി വര്‍ധിച്ചതായി തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വനിതകളുടെ വസ്ത്രങ്ങളും മറ്റും വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും സ്വദേശി വനിതകളുടെ കൊഴിഞ്ഞു പോക്ക് ശക്തമാണെന്നു വസ്ത്രവ്യാപാര രംഗത്തുള്ളവര്‍ പറയുന്നു. ഇതിനു കാരണം യോഗ്യതയുള്ള വനിതകള്‍ പലരും ഓഫീസുകളിലും മറ്റും ജോലി ചെയ്യാനാണു താത്പര്യപ്പെടുന്നത്.

അടുത്തിടെ നടപ്പാക്കിയ ഭേദഗതി വരുത്തിയ തൊഴില്‍ നിയമം സ്വദേശി വനിതകള്‍ക്കു ഏറെ പ്രയോജനപ്രദവുമാണെന്നു മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി വനിതകള്‍ക്ക് പ്രസവാവധി 10 ആഴ്ച വരെ ലഭിക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.ആവശ്യമെങ്കില്‍ ശമ്പളമില്ലാതെ അവധി നീട്ടി നല്‍കും. കൂടാതെ സ്വദേശി വനിതയുടെ ഭര്‍ത്താവ് മരിച്ചാല്‍ 4 മാസവും പത്ത് ദിവസവും അവധി നല്‍കണമെന്നും ഭേദഗതി വരുത്തിയ തൊഴില്‍ നിയമത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം