മഞ്ച് ട്രസ്റ്റി ബോര്‍ഡ് പുനസംഘടിപ്പിച്ചു
Friday, October 23, 2015 5:10 AM IST
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (മഞ്ച്) ബോര്‍ഡ് ഓഫ് ട്രസ്റിയിലേക്ക് മാധവന്‍ ബി നായരും ഫ്രാന്‍സിസ് തടത്തിലും തെരഞ്ഞെടുക്കപ്പെട്ടു.
സംയുക്തമായി ഓണം ആഘോഷിച്ചുകൊണ്ട് നോര്‍ത്ത് അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ ചരിത്രത്തില്‍ മാതൃകാപരമായ പുതുതുടക്കമിട്ട മഞ്ച്, ചുരുങ്ങിയ പ്രവര്‍ത്തനകാലയളവില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് രംഗത്തടക്കം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു. കേരളത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ഫൊക്കാനയിലൂടെ വളരെ വലിയൊരുതുക കൈമാറാന്‍ മുന്‍കൈയെടുത്ത മഞ്ച് അടുത്തകാലത്ത് അംഗങ്ങളുടെ എണ്ണത്തിലും വന്‍മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നു.

ട്രൈസ്റേറ്റിലെ രാഷ്ട്രീയ സാമൂഹികമേഖലകളില്‍ പ്രശസ്തനായ മാധവന്‍ ബി. നായര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിലൂടെ മഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പുതുവേഗം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന എം ബി എന്‍ എന്നറിയപ്പെടുന്ന മാധവന്‍ ബി. നായര്‍ മികച്ച എന്റര്‍പ്രണറുമാണ്. എംബിഎന്‍ ഇന്‍ഷുറന്‍സിന്റെയും ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സിന്റെയും സ്ഥാപകനും ഉടമയും പ്രിന്‍സിപ്പലുമാണ്. ചാര്‍ട്ടേഡ്ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് എന്ന നിലയിലും മികച്ച നിലയില്‍ സേവനംചെയ്യുന്നു. പൂന യൂണിവേഴ്സിറ്റിയില്‍നിന്നു മാനേജ്മെന്റിലും നിയമത്തിലും ബിരുദമെടുത്തശേഷം പെന്‍സില്‍വാനിയയിലെ ബ്രിന്‍മാവ്ര്‍ അമേരിക്കന്‍ കോളജില്‍നിന്ന് ഫിനാന്‍സില്‍ ബിരുദമെടുത്തു. മുതിര്‍ന്ന റൊട്ടേറിയനും വുഡ്ബ്രിഡ്ജ് ആന്‍ഡ് പെര്‍ത് ആംബോയ് റോട്ടറിക്ളബിന്റെ 2013-14 വര്‍ഷത്തെ പ്രസിഡന്റുമാണ്. പ്രമുഖ സാംസ്കാരികസംഘടനയായ നാമത്തിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. ഇന്തോ-അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ട്രസ്റ്റിബോര്‍ഡ് മെമ്പര്‍, എന്‍എഫ്ഐഎ ഡയറക്ടര്‍, ഫൊക്കാനാ നാഷണല്‍ കമ്മിറ്റിഅംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍അമേരിക്കന്‍ മലയാളിചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റുമാണ്.

മഞ്ചിന്റെ സ്ഥാപകനേതാക്കളിലൊരാളും പത്രപ്രവര്‍ത്തനരംഗത്ത് രണ്ടുദശാബ്ദക്കാലത്തെ പ്രവര്‍ത്തനപരിചയവുമുള്ള ഫ്രാന്‍സിസ് തടത്തിലിന്റെ പ്രവര്‍ത്തനങ്ങളും സംഘടനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് മഞ്ച് പ്രതീക്ഷിക്കുന്നു. 1995ല്‍ ദീപികപത്രത്തില്‍ റിപ്പോര്‍ട്ടറായി തുടങ്ങി പാലക്കാട്, കോഴിക്കോട് ബ്യൂറോ ചീഫായും രാഷ്ട്രദീപിക കോഴിക്കോട് എഡിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജായും പ്രവര്‍ത്തിച്ചു. 2003ല്‍ മംഗളം കോഴിക്കോട് യൂണിറ്റ് റീജണല്‍ എഡിറ്ററായും പ്രവര്‍ത്തിച്ചു. 2006ല്‍ അമേരിക്കയിലെത്തിയ ശേഷം ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. 2013ല്‍ രക്താര്‍ബുദത്തിന് ചികില്‍സയിലായശേഷം പ്രവര്‍ത്തനമേഖലകളില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോള്‍ രോഗത്തെ തോല്‍പിച്ച് വീണ്ടും പ്രവര്‍ത്തനങ്ങളിലേക്ക് സജീവമാകുകയാണ്. രോഗബാധിതനാകുംമുമ്പ് ലിവിംഗ്സ്റ്റണ്‍ സെന്റ് ബാര്‍ണബസ് ആശുപത്രിയില്‍ എച്ച് ഐ എം വിഭാഗത്തില്‍ ചാര്‍ജ് ക്യാപ്ചര്‍ അനലിസ്റായിരുന്നു. രജിസ്റേഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ ലൈസന്‍സും നേടിയിട്ടുണ്ട്. ഭാര്യ നെസി തടത്തില്‍ സെന്റ് ബാര്‍ണബസ് ആശുപത്രിയിലെ നഴ്സ് പ്രാക്ടീഷണറാണ്. മക്കള്‍: ഐറിന്‍ എലിസബത്ത് തടത്തില്‍, ഐസക് ഇമ്മാനുവല്‍ തടത്തില്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍