ഇന്ത്യ പ്രസ്ക്ളബ് ഷിക്കാഗോ കോണ്‍ഫറന്‍സ്: ബോബി ചെമ്മണ്ണൂര്‍ ഗോള്‍ഡ് സ്പോണ്‍സര്‍
Wednesday, October 21, 2015 7:06 AM IST
ഷിക്കാഗോ: ബിസിനസ് വിജയത്തിന്റെ സുവര്‍ണരേഖകള്‍ കാരുണ്യ പ്രവാഹമാക്കിയ ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജൂവലേഴ്സ് സാരഥി ഡോ. ബോബി ചെമ്മണ്ണൂര്‍ ഇന്ത്യ പ്രസ്ക്ളബ് ഷിക്കാഗോ കോണ്‍ഫറന്‍സിന്റെ ഗോള്‍ഡ് സ്പോണ്‍സറാവും.

ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 19, 20, 21 തീയതികളില്‍ ഷിക്കാഗോയിലെ ഗ്ളെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണു കോണ്‍ഫറന്‍സ് നടക്കുക.

152 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുളള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ വ്യാപാരശൃംഖല ഇന്നു ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിയിരിക്കുന്നതിന്റെ പിന്നില്‍ ബോബി ചെമ്മണ്ണൂരിന്റെ ദീര്‍ഘവീക്ഷണവും കര്‍മകുശലതയും ബിസിനസ് തന്ത്രങ്ങളുമാണ്. ആതുരസേവനം രംഗത്തും ജീവകാരുണ്യ രംഗത്തും വേറിട്ട പ്രവര്‍ത്തനം നടത്തുന്ന ബോബി ചെമ്മണ്ണൂര്‍ ആരില്‍നിന്നും സംഭാവനകള്‍ സ്വീകരിക്കാതെ ബിസിനസില്‍നിന്നുളള ലാഭം ഉപയോഗിച്ചാണ് അനേകര്‍ക്ക് ആശ്വാസമേകുന്നത്.

രക്തദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക, ഏവര്‍ക്കും സൌജന്യമായി രക്തം ലഭിക്കാനുതകുന്ന രക്തബാങ്ക് സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളുമായി രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശമുയര്‍ത്തി 812 കിലോമീറ്റര്‍ ഓടി യൂനിക് വേള്‍ഡ് റിക്കാര്‍ഡ് ഹോള്‍ഡറായി. ഇതേത്തുടര്‍ന്ന് രണ്ടര ലക്ഷത്തോളം രക്തദാതാക്കള്‍ ബോബി ഫ്രണ്ട്സ് ബ്ളഡ് ബാങ്കില്‍ അംഗങ്ങളാവുകയും ആവശ്യക്കാര്‍ക്കു രക്തം നല്‍കി വരികയും ചെയ്യുന്നു. ആ മഹദ്കര്‍മം മുന്‍നിര്‍ത്തിയാണ് വേള്‍ഡ് റിക്കാര്‍ഡ് യൂണിവേഴ്സിറ്റി ബോബി ചെമ്മണ്ണൂരിനു ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

ഫുട്ബോളിനോടുളള താത്പര്യം മൂലമാണു ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മാറഡോണയെക്കൊണ്ട് തന്റെ ജ്വല്ലറി ഷോ റൂമുകള്‍ ഉദ്ഘാടനം ചെയ്യിക്കാന്‍ കാരണമായത്. മാത്ര മല്ല ബോബി ചെമ്മണ്ണൂരിന്റെ ഗോള്‍ഡ് പാര്‍ട്ണറും ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളിയുമാണു മറഡോണ.

ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, മലേഷ്യ എന്നിവിടങ്ങളിലെല്ലാം ബിസിനസ് സ്ഥാപനങ്ങളുളള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഹൂസ്റണിലും ജൂവലറി ഷോറൂം ആരംഭിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കണിയാലി