സതേണ്‍ റീജണല്‍ മാര്‍ത്തോമ കുടുംബസമ്മേളനം ഒക്ടോബര്‍ 23നു തുടങ്ങും
Wednesday, October 21, 2015 7:01 AM IST
ടാമ്പ: മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സതേണ്‍ റീജണല്‍ കുടുംബ സമ്മേളനം ഫ്ളോറിഡയിലെ ക്രിസ്ത്യന്‍ റിട്രീറ്റ് സെന്ററില്‍ ഒക്ടോബര്‍ 23നു (വെള്ളി) ആരംഭിക്കും.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കുടുംബസമ്മേളനത്തിനു ടാമ്പ സെന്റ് മാര്‍ക്കോസ് മാര്‍ത്തോമ ഇടവകയാണ് ആതിഥ്യമരുളുന്നത്. കുടുംബ സമ്മേളനത്തില്‍ റീജണിലെ വിവിധ ഇടവകകളില്‍നിന്നുള്ള ഗായക സംഘങ്ങള്‍ അണിയിച്ചൊരുക്കുന്ന ക്വയര്‍ ഫെസ്റ് 2015 നടക്കും. നമ്മുടെ തലമുറ, നമ്മുടെ ഉത്തരവാദിത്തം എന്നതാണു സമ്മേളനത്തിലെ ചിന്താവിഷയം.

ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ആത്മീയ പ്രഭാഷണ ഗുരുവും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് എന്നിവരര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും. കൂടാതെ യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പ്രശസ്തരായ വ്യക്തികളും സമ്മേളനത്തിന്റെ വിവിധ പരിപാടികള്‍ നയിക്കും. ബൈബിള്‍ പഠനങ്ങള്‍, ആത്മീയ ആരാധന, സംഗീത സന്ധ്യ, കുട്ടികള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍, കുടുംബാധിഷ്ഠിത ക്ളാസുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായിരിക്കും. സതേണ്‍ റീജണില്‍ ഉള്‍പ്പെട്ടിരിക്കുന്ന മാര്‍ത്തോമ ഇടവകകളില്‍നിന്നുള്ള വൈദികരും വിശ്വാസികളും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോയ്കുട്ടി ദാനിയേലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ംംം.ൃാളേരര2015.രീാ, മാത്യൂസ് തോമസ് (ജനറല്‍ കണ്‍വീനര്‍) 813 393 8957, ആലീസ് ജോണ്‍ (രജിസ്ട്രേഷന്‍ കണ്‍വീനര്‍) 254 718 9663.

റിപ്പോര്‍ട്ട്: ബെന്നി പരിമണം