കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്
Wednesday, October 21, 2015 7:00 AM IST
ടൊറേന്റോ: കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്. പത്തു വര്‍ഷമായി തുടരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണം അവസാനിപ്പിച്ചാണു ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരമേറുന്നത്. പാര്‍ട്ടി നേതാവ് ജസ്റിന്‍ ട്രുഡോ പ്രധാനമന്ത്രിയാകും.

2008 മുതല്‍ പാര്‍ലമെന്റ് അംഗമായിരുന്ന ജസ്റിന്‍ ട്രൂഡോ മുമ്പ് സ്കൂളിലെ അധ്യാപകനായിരുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പ്രധാനമന്ത്രിയാവുകയാണു ജസ്റിന്‍ ട്രൂഡോ. 1968ല്‍ അധികാരത്തിലേറിയ പിതാവ് ട്രൂഡോ 16 വര്‍ഷമാണു രാജ്യത്തെ നയിച്ചത്. രാജ്യത്തിന്റെ അവകാശ നിയമം രൂപവത്കരിച്ചത് അദ്ദേഹമാണ്.

വോട്ടെണ്ണല്‍ ഭാഗികമായി പൂര്‍ത്തിയായപ്പോള്‍ത്തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിലവിലെ പ്രധാനമന്ത്രിയായ സ്റീഫന്‍ ഹാര്‍പര്‍ തോല്‍വി അംഗീകരിക്കുകയായിരുന്നു. ജനവിധി പരാതികളില്ലാതെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ സ്റീഫന്‍ ഹാര്‍പ്പര്‍ ജസ്റിന്‍ ട്രൂഡോയെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിലൂടെ കനേഡിയന്‍ ജനത വ്യക്തമായ സന്ദേശമാണു നല്‍കുന്നതെന്നും ഇതു മാറ്റത്തിനുള്ള സമയമാണെന്നും ജസ്റിന്‍ പറഞ്ഞു.

നിലവിലെ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ സ്റീഫന്‍ ഹാര്‍പ്പര്‍ പരാജയം അംഗീകരിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം തന്റേതു മാത്രമാണെന്ന് ഹാര്‍പ്പര്‍ പറഞ്ഞു. ട്രൂഡോയെ അദ്ദേഹം ആശംസകളറിയിച്ചു.

നേരത്തെ യുഎസുമായുള്ള കീസ്റോണ്‍ എക്സ്എല്‍ പൈപ്പ്ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാര്‍പ്പറും പ്രസിഡന്റ് ബറാക് ഒബാമയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നു. അതേസമയം, ട്രൂഡോ പദ്ധതിക്ക് അനുകൂലമാണ്.

പാര്‍ലമെന്റിലേക്കു ജനവിധി തേടിയ മലയാളികളായ ജോബ്സന്‍ ഈശോയും മുന്‍ എംപി ആയിരുന്ന ജോ ദാനിയലും പരാജയം ഏറ്റുവാങ്ങി. വിജയിച്ച 184 സീറ്റുകളില്‍ 88 വനിതകളുടെ പ്രാതിനിധ്യം എടുത്തു പറയേണ്ടുന്ന ഒന്നാണ്. ക്യുബക് മണ്ഡലത്തിലാണു ജസ്റിന്‍ ജനവിധി തേടിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ടോം മുല്‍കിയര്‍ നയിക്കുന്ന പ്രതിപക്ഷമായ എന്‍ഡിപി 13 ശതമാനം സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്കു മത്സരം നടന്ന ഒന്റാരിയോവില്‍ പല സിറ്റികളിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു.

കഴിഞ്ഞകാല സര്‍ക്കാരിന്റെ സാമ്പത്തിക വ്യാവസായിക നയങ്ങള്‍ക്കും ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വരുത്തിയ കടുംപിടുത്തവും ആണു ലിബറല്‍ പാര്‍ട്ടിയെ വിജയത്തില്‍ എത്തിച്ചതെന്നു പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവും തൊഴില്‍ ഇല്ലായ്മയും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ഹാര്‍പര്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന പാര്‍ലമെന്റ് ആക്രമണത്തിന്റെ ഭാഗമായി വരുത്തിയ കര്‍ക്കശ നിയമങ്ങളില്‍ ഒരു വിഭാഗം കുടിയേറ്റ വോട്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്