ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പ്; കല കുവൈത്ത് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
Wednesday, October 21, 2015 7:00 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് അബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'തെരഞ്ഞെടുപ്പും പ്രവാസികളും' എന്ന തലക്കെട്ടോടെ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജാതിമത വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുക, ജനവിരുദ്ധ പ്രവാസിവിരുദ്ധ നിലപാടുകളും കൊടിയ അഴിമതിയിലും മുങ്ങിത്താഴുന്ന യുഡിഎഫ് സര്‍ക്കാരിനെതിരായുള്ള ജനവിധിയായി ഈ തെരഞ്ഞെടുപ്പു മാറുമെന്നു കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തിയ കല കുവൈത്ത് പ്രസിഡന്റ് ടി.വി. ഹിക്മത് അഭിപ്രായപ്പെട്ടു. ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ പ്രവാസി കുടുംബങ്ങളോടും കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

മേഖല സെക്രട്ടറി സി.കെ. നൌഷാദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ എന്‍. അജിത്കുമാര്‍, സാം പൈനുംമൂട്, സലിം രാജ്, സുരേഷ്മാസ്റര്‍ എന്നിവര്‍ സംസാരിച്ചു. അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിനു വൈസ് പ്രസിഡന്റ് സജീവ് എം. ജോര്‍ജ് സ്വാഗതമാശംസിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍