പണ്ഡിറ്റ് രമേഷ് പ്രവാസി ചാനലില്‍ ഒക്ടോബര്‍ 22ന്
Wednesday, October 21, 2015 6:58 AM IST
ന്യൂയോര്‍ക്ക്: പ്രവാസി ചാനലിന്റെ ദൂരഗോപുരങ്ങളില്‍ പണ്ഡിറ്റ് രമേഷ് നാരായണനെ മനോഹര്‍ തോമസ് ഒക്ടോബര്‍ 22നു (വ്യാഴം) ഇന്റര്‍വ്യൂ ചെയ്യുന്നു.

1959 ല്‍ വടക്കേ മലബാറിലെ കൂത്തുപറമ്പില്‍ ജനിച്ച പണ്ഡിറ്റ് രമേഷ് കര്‍ണാട്ടിക് സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഒരുപോലെ പ്രാവീണ്യം നേടാന്‍ കഴിഞ്ഞു. പണ്ഡിറ്റ് ജെസ്രാജ്, റോണ് മജുംദാര്‍, വിനായക് തോര്‍വി എന്നീ പ്രതിഭാധനരായ ഗുരുക്കന്മാരുടെ കീഴിലുള്ള ശിക്ഷണം ആണ് അദ്ദേഹത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്.

സംഗീതജ്ഞന്‍, പാട്ടുകാരന്‍, കമ്പോസര്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് 50 ഓളം മലയാള ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. കര്‍ണാടക സംഗീത വിദ്വാനായ നാരായണ്‍ ഭാഗവതരുടെയും പാട്ടുകാരിയായ നാരായണി അമ്മയുടെയും മകനായി ജനിച്ച അദ്ദേഹത്തിനു പൈതൃകമായി കിട്ടിയ സംഗീതം ത്യാഗപൂര്‍ണമായ സപര്യയിലുടെ വിളക്കിയെടുക്കാന്‍ കഴിഞ്ഞു.