ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ അബ്ദുള്‍ കലാം നഗറില്‍
Wednesday, October 21, 2015 5:11 AM IST
മയാമി: തേന്‍വരിക്ക ചക്കയും കിളിച്ചുണ്ടന്‍ മാമ്പഴവും കപ്പയും ചേനയും വിളയുന്ന അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ മയാമിയില്‍ വച്ചു നടത്തപ്പെടുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ നടക്കുന്ന മയാമി ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ട് ഇനി അബ്ദുള്‍ കലാം നഗര്‍ എന്നറിയപ്പെടും. അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ബഹുമാനാര്‍ഥമാണു കണ്‍വെന്‍ഷന്‍ സെന്ററിനു ഈ പേരു നല്കിയതെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പറഞ്ഞു. അതോടൊപ്പം ഈ കണ്‍വന്‍ഷനില്‍ കൂടുതല്‍ യുവ ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടു അദ്ദേഹത്തിന്റെ ഓര്‍മയുടെ അഗ്നിച്ചിറകുകള്‍ വിരിയിക്കാനൊരുങ്ങുകയാണു സംഘാടകര്‍.

ഏകദേശം 65 അംഗസംഘടനകളുള്ള ഫോമായുടെ മയാമി കണ്‍വന്‍ഷന്‍ ജനപ്രാതിനിധ്യംകൊണ്ട് ശ്രദ്ധേയമാകുമെന്നു സെക്രട്ടറി ഷാജി എഡ്വേര്‍ഡ് പറഞ്ഞു.

തിരുവനന്തപുറത്തു വച്ചു നടത്തപ്പെട്ട ഫോമാ കേരള കണ്‍വെന്‍ഷനില്‍വച്ചാണു ഇതിനെക്കുറിച്ചുള്ള തീരുമാനമുണ്ടായത്. 2015 ഒക്ടോബര്‍ 17-നു മേരിലാന്‍ഡില്‍ വച്ചു നടത്തപ്പെട്ട ഫോമാ ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണു ഔദ്യോഗിക അബ്ദുള്‍ കലാം നഗറിന്റെ പ്രഖ്യാപനം ഉണ്ടായത്. അതോടൊപ്പം 2016 ഫോമാ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ലോഗോയും പ്രകാശനം ചെയ്തു. ഈ കണ്‍വെന്‍ഷനില്‍ നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളും പങ്കെടുത്തു വിജയിപ്പിക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു. 2016 ഫോമാ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂ വര്‍ഗീസാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്