ദുബായി കെഎംസിസി യെമന്‍ വി കെയര്‍
Tuesday, October 20, 2015 8:11 AM IST
ദുബായി: യെമന്‍ വി കെയര്‍ കാമ്പയിനോടനുബന്ധിച്ച് ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി സമാഹരിച്ച 25 ടണ്‍ ഭക്ഷ്യവസ്തുക്കളും പുതുവസ്ത്രങ്ങളും മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തകരില്‍നിന്നു സമാഹരിച്ച ഒരു ദിവസത്തെ വേതനവും അടങ്ങിയ ധനസഹായവും എമിറേറ്റ് റെഡ് ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ ഹാജ് അല്‍ സറൂനിയെ കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍നഹയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും കൈമാറി.

യെമന്‍ പുനര്‍നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങി വളരെ അത്യാവശ്യമായ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 1,38,000 വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ സേവനം ലഭിച്ചു കഴിഞ്ഞു. 150ഓളം സ്കൂളുകളുടെയും 50ഓളം ആശുപത്രികളുടെയും പുനര്‍ നിര്‍മാണം ഏറെ പുരോഗമിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് ദിവസേനയുള്ള ഭക്ഷണം കൂടാതെ മരുന്നും വസ്ത്രവും നല്‍കുന്നുണ്ട്. 250 മില്യനില്‍ പരം ഇപ്പോള്‍ത്തന്നെ യെമന്‍ ജനതക്കുവേണ്ടി ചെലവഴിച്ചുകഴിഞ്ഞു. യെമന്റെ ഏഥന്‍ തുറമുഖത്ത് വെയര്‍ഹൌസുകള്‍ സ്ഥാപിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നുണ്ട്.

ദുബായി ഗവണ്‍മെന്റിന്റെയും കോര്‍പറേറ്റുകളുടെയും വലിയ സഹായം റെഡ് ക്രസന്റിനു ലഭിക്കുന്നുണ്െടങ്കിലും ദുബായി കെഎംസിസിയില്‍ നിന്നു ലഭിക്കുന്ന ഓരോ ദിര്‍ഹമും ഒരു മില്യന്‍ മൂല്യമായാണു കാണുന്നതെന്നു റെഡ് ക്രസന്റ് ദുബായി മേധാവി അല്‍ സറൂനി വ്യക്തമാക്കി. ഇന്ത്യന്‍ പ്രവാസികളുടെ മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണിതെന്നും ഇന്ത്യയും യുഎഇയും കാത്തുസൂക്ഷിച്ചുപോരുന്ന നൂറ്റാണ്ടുകളുടെ പൈതൃകത്തിന്റെ ശ്രേഷ്ടമായ സാംസ്കാരിക കണ്ണിയായിട്ടാണു കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ തിരൂര്‍, ഉമ്മര്‍ ഹാജി ആവയില്‍, ഉസ്മാന്‍ പി. തലശേരി, അഷ്റഫ് കൊടുങ്ങല്ലൂര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍