അഹമ്മദ് മുഹമ്മദ് വൈറ്റ് ഹൌസില്‍ ഒബാമയുമൊത്ത്
Tuesday, October 20, 2015 6:36 AM IST
വാഷിംഗ്ടണ്‍ ഡിസി: ടെക്സസ് ഇര്‍വിംഗ് വിദ്യാലയത്തില്‍ സ്വയം നിര്‍മിച്ച ക്ളോക്ക് കൊണ്ടുവന്ന സംഭവത്തില്‍ പോലീസ് അറസ്റു ചെയ്ത വിദ്യാര്‍ഥി അഹമ്മദ് മുഹമ്മദിനു വൈറ്റ് ഹൌസില്‍ പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ചയ്ക്കുളള അവസരം ലഭിച്ചു.

സെപ്റ്റംബര്‍ 14 നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ക്ളോക്കു സംഭവം അരങ്ങേറിയത്. അഹമ്മദ് നിര്‍മിച്ച ഡിജിറ്റല്‍ ക്ളോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ചു സ്കൂള്‍ അധികൃതര്‍ പോലീസില്‍ റിപ്പോര്‍ട്ടു ചെയ്തതാണ് സംഭവത്തിനു തുടക്കം കുറിച്ചത്. മുസ്ലിം സമുദായംഗമായ അഹമ്മദിന്റെ അറസ്റ് വിവാദമായതിനെത്തുടര്‍ന്നു പ്രസിഡന്റ് ഒബാമ വിദ്യാര്‍ഥിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും വൈറ്റ് ഹൌസിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി വൈറ്റ്ഹൌസില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആസ്ട്രൊനൊട്ട്, സയന്റിസ്റ് എന്നിവര്‍ക്കായി സംഘടിപ്പിച്ചിരുന്ന അസ്ട്രോണമി നൈറ്റില്‍ പങ്കെടുക്കുവാനെത്തിയ അഹമ്മദിനെ നേരിട്ടു കണ്ടു ഒബാമ ക്ഷേമന്വേഷണം നടത്തി. വിവാദം സൃഷ്ടിച്ച ക്ളോക്കു കൊണ്ടുവരണമെന്ന ഒബാമയുടെ അഭ്യര്‍ഥന നിറവേറ്റുവാന്‍ അഹമ്മദിനായില്ല. തിരക്ക് കാരണം പോലീസ് സ്റേഷനില്‍ ചെന്ന് ക്ളോക്ക് വാങ്ങുവാനുളള സമയം ലഭിച്ചില്ലെന്നാണ് അഹമ്മദ് പറയുന്നത്.

വിദ്യാര്‍ഥിയുടെ അറസ്റിനെ ന്യായീകരിച്ച പോലീസിനേറ്റ കനത്ത പ്രഹരമാണ് ഒബാമ അഹമ്മദിനു നല്‍കിയ സ്വീകരണമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനാണു മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന വാദവും സജീവമായിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍