പോലീസ് ജാഗ്രത തുടങ്ങി; ബത്ഹയിലെ കവര്‍ച്ചക്ക് നേരിയ ശമനം
Tuesday, October 20, 2015 5:39 AM IST
റിയാദ്: തുടര്‍ച്ചയായ പരാതികളും റിയാദ് പോലീസ് മേധാവിക്കടക്കം നിരവധി നിവേദനങ്ങളും പോയതോടെ പോലീസിന്റെ നിരീക്ഷണം ശക്തമായതിനാല്‍ ബത്ഹയിലേയും പരിസരങ്ങളിലേയും കവര്‍ച്ചകള്‍ക്ക് അല്‍പ്പം ശമനം വന്നതായി പരിസരവാസികളായ പ്രവാസികള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പൊതുപ്രവര്‍ത്തകനായ ജലീല്‍ ആലപ്പുഴയെ അക്രമികള്‍ കീഴടക്കി മൊബൈല്‍ ഫോണും പണവും അപഹരിച്ചത് ബത്ഹ പോലീസ് സ്റ്റേഷനിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ച് അദ്ദേഹം പരാതി നല്‍കിയിരുന്നു. വളരെ അനുഭാവപൂര്‍വ്വം പരാതി കേട്ട ഉദ്യോഗസ്ഥന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും ജലീല്‍ ആലപ്പുഴ പറഞ്ഞിരുന്നു. അതിന് ശേഷം പോലീസിന്റെ പെട്രോളിംഗ് ശക്തമായതായി ശാര റെയിലിലേയും പരിസരങ്ങളിലേയും ബസിനസ്സുകാര്‍ പറഞ്ഞു.

എന്നാല്‍ അതിന് ശേഷവും ഒന്നു രണ്ടു സംഭവങ്ങള്‍ ഈ മേഖലയില്‍ നടന്നതായി ചില ദൃക്സാക്ഷികള്‍ പറഞ്ഞു. പടിച്ചു പറിക്കെതിരെ നടപടികള്‍ ആവശ്യപ്പെട്ടു കൊണ്ട് സാമൂഹ്യ പ്രവര്‍ത്തകനായ റാഫി പാങ്ങോടിന്റെ നേതൃത്വത്തില്‍ ഒരു പറ്റം സംഘടനാ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം റിയാദ് പോലീസ് മേധാവിയുടെ ദീരയിലുള്ള ഓഫീസില്‍ നേരിട്ട് പരാതി നല്‍കിയിരുന്നു. സമീപ കാലത്ത് നടന്ന സംഭവങ്ങളുടെ മുഴുവന്‍ വിശദീകരണങ്ങളും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ കട്ടിംഗുകളുമായി വിശദമായി അറബിയില്‍ തയ്യാറാക്കിയ നിവേദനമാണ് റിയാദ് പോലീസ് മേധാവി സഈദ് ഹിലാലിന് ഇവര്‍ സമര്‍പ്പിച്ചത്.

ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികളുണ്ടാകുമെന്നും പോലീസിന്റെ സാന്നിധ്യം ഇത്തരം കവര്‍ച്ചക്കാര്‍ വിഹരിക്കുന്ന കേന്ദ്രങ്ങളില്‍ ഉണ്ടാകുമെന്നും സംശയാസ്പദമായി കാണുന്നവരെ പിടികൂടുമെന്നും ഇതിനായി പ്രത്യേക ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായി റാഫി പാങ്ങോട് അറിയിച്ചു.

സംഘങ്ങളായി എത്തുന്ന അക്രമികള്‍ പട്ടാപ്പകല്‍ പോലും പിടിച്ചപറിയും എതിര്‍ക്കുന്നവരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുന്നതും പതിവായതിനാല്‍ ഈ ഭാഗങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. പ്രതികാര നടപടികള്‍ ഭയന്ന് കച്ചവടക്കാരും സ്ഥിരമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരും അക്രമങ്ങള്‍ നേരിട്ട് കണ്ടാല്‍ പോലും ഇരകളെ സഹായിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഇങ്ങിനെ പൊറുതി മുട്ടിയ സാഹചര്യത്തിലാണ് മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ സംഘടിച്ച് അധികൃതരെ സമീപിക്കാന്‍ തീരുമാനിച്ചത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍