'മുഖ്യധാര അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇന്ത്യക്കാരെത്തണം'
Monday, October 19, 2015 8:17 AM IST
ന്യൂയോര്‍ക്ക്: മുഖ്യധാര അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇന്ത്യാക്കാരെത്തണമെന്നു സിഎന്‍എന്‍ ചാനലിന്റെ പ്രൊഡ്യൂസറും ഇന്ത്യക്കാരനുമായ സോവി ആഴാത്ത്. തുടക്കത്തില്‍ പല പ്രതിസന്ധികളുണ്ടായാലും തളരാതെ കഠിനാധ്വാനം ചെയ്താല്‍ അതെല്ലാം അതിജീവിച്ച് വിജയത്തിലെത്താന്‍ സാധിക്കും. തന്റെ തുടക്കകാലത്ത് പലതരത്തിലുള്ള പ്രതിസന്ധികളെയും അഭിമുഖീകരിച്ചിട്ടുണ്ട്. വംശീയാക്ഷേപം വരെയുണ്ടായിട്ടുണ്ട്. എന്നാല്‍ ജോലിയില്‍ തന്നെ ശ്രദ്ധപതിപ്പിച്ചതുകൊണ്ടു തനിക്ക് വിജയങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ അന്താരാഷ്ട്ര മാധ്യമസമ്മേളനത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സോവി. സിറിയക് സ്കറിയ മോഡറേറ്ററായിരുന്ന സെമിനാറില്‍ പ്രസ്തുത വിഷയത്തില്‍ സജീവ ചര്‍ച്ചയും നടന്നു.