മതസ്വാതന്ത്യ്രം ഭീഷണിയിലെന്നു നോര്‍ത്ത് ടെക്സാസ് പ്രസിഡന്‍ഷ്യല്‍ ഫോറം
Monday, October 19, 2015 5:37 AM IST
ഡാളസ്: അമേരിക്കയില്‍ മതസ്വാതന്ത്യ്രം ഭീഷണി നേരിടുകയാണെന്നു നോര്‍ത്ത് ടെക്സാസ് പ്രസിഡന്‍ഷ്യല്‍ ഫോറത്തില്‍ പങ്കെടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. പ്ളാനൊ പ്രിസ്റണ്‍ വുഡ് ബാപ്റ്റിസ്റ് ചര്‍ച്ചില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ ഫോറത്തില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥികളായ കാര്‍ലി ഫിയോറിന, സെനറ്റര്‍ ടെഡ് ക്രൂബ്, റിക്ക് സന്റോറം, ഗവ. മൈക്ക് ഹക്കബി, ഗവ. ജെബ് ബുഷ്, ഡോ. ബെന്‍ കാര്‍ഡല്‍ എന്നിവര്‍ പങ്കെടുത്തു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥികളില്‍ ആരും ഫോറത്തില്‍ പങ്കെടുത്തില്ല.

2016ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിലിജീയസ് ലിബര്‍ട്ടി ഇലക്ഷനെന്നാണു ടെഡ് ക്രൂബ് വിശേഷിപ്പിച്ചത്. സുപ്രീംകോടതി സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയതും. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്വവര്‍ഗവിവാഹിതര്‍ക്കു തൊഴില്‍ നിഷേധിക്കുന്നതും, വ്യവസായങ്ങള്‍ നേരിടുന്ന ഭീഷണിയും ഉദാഹരണമായി ടെസ് ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമേരിക്കയിലെ ഓരോ പൌരനുമാണു ഏറ്റെടുക്കേണ്ടതെന്നും ഗവണ്‍മെന്റിനെ ഈ ചുമതല ഏല്പിക്കുന്നതു ശരിയല്ലെന്നും റിക്ക് സാന്റോറം പറഞ്ഞു.

അമേരിക്കയില്‍ ഭ്രൂണഹത്യ ചെയ്യപ്പെട്ട 62 മില്യണ്‍ ശിശുക്കളുടെ നിലവിളി ഇവിടെനിന്ന് ഉയരുമ്പോള്‍ അമേരിക്കയെ അനുഗ്രഹിക്കണം എന്ന് എങ്ങനെ പ്രാര്‍ത്ഥിക്കാനാകും എന്നാണു മൈക്ക് ഹക്കബി ചോദിച്ചത്. അമേരിക്കന്‍ പൌരന്മാരെ വിദേശങ്ങളില്‍ തലയറക്കലിനു വിധേയരാക്കുന്ന ഐഎസ് പോലുളള ഭീകരസംഘടനകളെ ഉന്മൂലം ചെയ്യുക എന്നതാണു അമേരിക്കയുടെ ഉത്തരവാദിത്തമെന്നും, ഒബാമ പറയുന്നതുപോലെ കാലാവസ്ഥാ വ്യതിയാനമല്ലെന്നും ഹക്കബി പറഞ്ഞു. ദൈവവിശ്വാസം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ജെബ് ബുഷ് ചൂണ്ടിക്കാട്ടി.

വനിതാ സ്ഥാനാര്‍ഥിയായ കാര്‍ലെ, ഡോ. ബെന്‍ കാര്‍ബന്‍ എന്നിവര്‍ കുടുംബ ജീവിതത്തിന്റെ ഭദ്രത നിലനിര്‍ത്തേണ്ടതിന് കുറിച്ചു ശക്തമായ ഭാഷയില്‍ സംസാരിച്ചു. പ്രിസ്റന്‍വുഡ് ചീഫ് പാസ്റര്‍ ഡോ. ജാക്ക് ഗ്രഹാം മോഡറേറ്റായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍