ആറു വയസുകാരന്റെ വെടിയേറ്റു മൂന്നു വയസുകാരന്‍ മരിച്ചു: പിതാവ് അറസ്റില്‍
Monday, October 19, 2015 5:36 AM IST
ഷിക്കാഗോ: കള്ളനും പോലീസും കളിക്കുന്നതിനിടെ ആറു വയസുകാരന്റെ കൈയിലിരുന്ന തോക്കില്‍നിന്നു അബദ്ധത്തില്‍ വെടിയേറ്റു സഹോദരനായ മൂന്നു വയസുകാരന്‍ മരിച്ചു. കളിച്ചു കൊണ്ടിരിക്കവേ റെഫ്രിജറേറ്ററിനു മുകളില്‍ വച്ചിരിരുന്ന ലോഡ് ചെയ്ത് തോക്കെടുത്തു സഹോദരന്റെ മുഖത്തേക്കാണു നിറയൊഴിച്ചത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

നിരുത്തരവാദപരമായും നിയമവിരുദ്ധമായും തോക്ക് കൈവശം വച്ചതിനു കുട്ടികളുടെ പിതാവു മൈകകിളിനെ സാന്റിയാഗോ പോലീസ് അറസ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ മൈക്കിളിനു ജഡ്ജി ജയിംസ് ബ്രൌണ്‍ 75,000 ഡോളറിനു ജാമ്യം അനുവദിച്ചു.

അമേരിക്കയിലെ ഷിക്കാഗോ, ന്യൂയോര്‍ക്ക് ലോസ് ആഞ്ചലസ് എന്നിവിടങ്ങളില്‍നിന്ന് ഈ വര്‍ഷം ഇതുവരെ 5,500 തോക്കുകള്‍ പിടിച്ചെടുത്തതായി പൊലീസ് ചീഫ് മെക്കാര്‍തി പറഞ്ഞു. ഷിക്കാഗോയില്‍ മാത്രം ഈ വര്‍ഷം 1870 വെടിവയ്പുകള്‍ നടന്നതായും ഇതു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണെന്നും പോലീസ് പറഞ്ഞു. തോക്കുകള്‍ സുരക്ഷിതമായി സൂക്ഷിക്കാതെ വരുന്നതിനെ ത്തുടര്‍ന്ന് അപകടങ്ങളില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ ഏണ്ണവും ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍