സൌദിയില്‍ ഭേദഗതി വരുത്തിയ 38 തൊഴില്‍ നിയമങ്ങള്‍ നിലവില്‍ വന്നു
Sunday, October 18, 2015 3:21 AM IST
ദമാം: സൌദി അറേബ്യയില്‍ ഭേദഗതി വരുത്തിയ 38 തൊഴില്‍ നിയമങ്ങള്‍ ഒക്ടോബര്‍ 18-നു നിലവില്‍ വന്നു. മതിയായ സ്വദേശികളെ ജോലിക്കു വെയ്ക്കാത്ത സ്ഥാപനത്തിലെ വിദേശ തൊഴിലാളിയുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതു തടയാന്‍ തൊഴില്‍ മന്ത്രാലയത്തിനു അധികാരമുണ്ടായിരിക്കുമെന്നു ഭേദഗതി വരുത്തിയ തൊഴില്‍ നിയമത്തില്‍ പറയുന്നു. 50 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ചുരുങ്ങിയത് 12 ശതമാനം തൊഴിലാളികള്‍ സ്വദേശികളായിരിക്കണം.

തൊഴിലാളിയുടെ രേഖമൂലമുള്ള അനുമതി ഇല്ലാതെ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു മാറ്റാന്‍ പാടില്ല. എന്നാല്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുമ്പു സേവനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടാന്‍ തൊഴിലാളിക്കു അവകാശമുണ്ടാവില്ല.

കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പു തൊഴില്‍ അവസാനിപ്പിക്കുകയാണങ്കില്‍ തൊഴിലുടമയ്ക്കു മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലാളി ബാധ്യസ്ഥനാണ്. എന്നാല്‍, കാലാവധി നിശ്ചയിച്ചിട്ടില്ലങ്കില്‍ എപ്പോള്‍ വേണമെങ്കിലും തൊഴില്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതിനു തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും. സേവനാനന്തരം നല്‍കുന്ന പരിചയ സര്‍ട്ടിഫിക്കറ്റില്‍ തൊഴിലാളിയെ മോശമായി ചിത്രീകരിക്കുന്ന നിലയ്ക്കോ അല്ലെങ്കില്‍ തൊഴിലാളിയുടെ ജോലി സാധ്യതയെ ബാധിക്കുന്നതോ ആയ പരമാര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലന്നും ഭേദഗതി വരുത്തിയ തൊഴില്‍ നിയമത്തില്‍ പറയുന്നു.

കൂടാതെ സേവനാനന്തര ആനുകൂല്യങ്ങളും തൊഴിലാളിക്കു അവകാശപ്പെട്ട മറ്റു ആനുകൂല്യവും നല്‍കാതെ പിരിച്ചു വിടാന്‍ പാടില്ല. തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ പരിക്കുകളുടെ സ്ഥിതി അനുസരിച്ചു 60 ദിവസത്തെ വരെ അവധി നല്‍കണമെന്നും നിയമത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം