ഫ്രണ്ട്സ് ക്രിയേഷന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു
Saturday, October 17, 2015 8:39 AM IST
റിയാദ്: ഇന്ത്യയുടെ ആത്മാവായ മതേതര മൂല്യങ്ങളും ജനാധിപത്യ, സോഷ്യലിസ്റ് മൂല്യങ്ങളും കാറ്റില്‍ പറത്തി ഫാസിസം ഫണം വിടര്‍ത്തി ആടുന്നത് അനുവദിക്കരുതെന്ന് ഫ്രണ്ട്സ് ക്രിയേഷന്‍സ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ബത്ഹ റമദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ഫ്രണ്ട്സ് ക്രിയേഷന്‍സ് രക്ഷാധികാരി മിര്‍ഷാദ് ബക്കര്‍ മോഡറേറ്ററായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷക്കീബ് കൊളക്കാടന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ജനങ്ങള്‍ എന്തു ഭക്ഷിക്കണമെന്നും എങ്ങനെ ചിന്തിക്കണമെന്നും ഏതെല്ലാം ചരിത്രങ്ങള്‍ പഠിക്കണമെന്നും എന്തെഴുതണമെന്നും തീരുമാനിക്കുന്നതിനുളള അവകാശം സംഘ്പരിവാര്‍ ശക്തികളുടെ കിൈലായിരിക്കുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജോസഫ് അതിരുങ്കല്‍ അഭിപ്രായപ്പെട്ടു.

വേദങ്ങളിലും ഉപനിഷത്തുകളിലും ഗോമാംസം നിരോധിച്ചിട്ടില്ല. യഥേഷ്ടം ഉപയോഗിച്ചിരുന്നതായാണ് രേഖകള്‍. എന്നാല്‍ ഇതിന്റെ വക്താക്കള്‍ ഇത് ഭക്ഷിക്കരുതെന്ന് കല്‍പ്പിക്കുന്നത് വിരോധാഭാസമാണ്. കല്‍ബുര്‍ഗി, നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങി ഇന്ത്യയിലെ പ്രമുഖ എഴുത്തുകാര്‍ സംഘ്പരിവാര്‍ ഫാഷിസത്തിന്റെ ഇരകളാണ്. ഇന്ത്യന്‍ ഫാസിസ്റ് ഭീഷണിയെ തുടര്‍ന്നു തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്തു അവസാനിപ്പിച്ചു. ലോകം മുഴുവന്‍ സഞ്ചരിച്ച് സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പറയുന്ന പ്രധാനമന്ത്രി ഇന്ത്യയില്‍ സ്വന്തം അനുയായികള്‍ കാട്ടുന്ന കാടത്തരത്തിനു മൌനാനുവാദം നല്‍കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ജോസഫ് അതിരുങ്കല്‍ പറഞ്ഞു.

രാജു നീലകണ്ഠന്‍ (കേളി), അഹമദ് മേലാറ്റൂര്‍ (നവോദയ), നസ്റുദ്ദീന്‍ വി.ജെ (മീഡിയ ഫോറം), ജയന്‍ കൊടുങ്ങല്ലൂര്‍ (സോഷ്യല്‍ മീഡിയ) ഷക്കീലാ വഹാബ്, മുഹമ്മദ് ബാവ എന്നിവര്‍ പ്രസംഗിച്ചു.

റിയാദ് വില്ലാസിന്റെയും സാറാസ് സ്പൈസസിന്റെയും സഹകരണത്തോടെ നടന്ന പരിപാടിയില്‍ ഉബൈദ് എടവണ്ണ സ്വാഗതവും നവാസ് വെളളിമാടുകുന്ന് നന്ദിയും പറഞ്ഞു. ഷഫീഖ് കിനാലൂര്‍, മുഹമ്മദ് അലി കൂടാളി, അര്‍ഷദ് മേച്ചേരി, ജലീല്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍