ഗൃഹാതുരസ്മരണകളുയര്‍ത്തി ഹോളി ഫാമിലി നഴ്സസ് സംഗമം
Saturday, October 17, 2015 8:35 AM IST
ഫിലാഡല്‍ഫിയ: ന്യൂജേഴ്സി വാര്‍ക്ക് ഹില്‍ട്ടണ്‍ ഹോട്ടലില്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ നടന്ന ഹോളി ഫാമിലി ആന്‍ഡ് മെഡിക്കല്‍ മിഷന്‍ ഇന്ത്യ അലൂംനി പൂര്‍വവിദ്യാര്‍ഥികളുടെ മൂന്നാമതു വാര്‍ഷിക കുടുംബസംഗമം നടത്തി

26നു വൈകുന്നേരം പ്രസിഡന്റ് മേരികുട്ടി കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ന്യൂഡല്‍ഹി, പാറ്റ്ന ഹോളി ഫാമിലി ഹോസ്പിറ്റല്‍ സ്കൂള്‍ ഓഫ് നഴ്സിംഗ മുന്‍ ഡയറക്ടര്‍ സിസ്റര്‍ മേരി അക്വിനാസ് ഹാമില്‍ട്ടണ്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മറിയകുട്ടി ജോര്‍ജ് വന്താനത്ത് സ്വാഗതം ആശംസിച്ചു.

ജോലിയിലെ പിരിമുറക്കങ്ങള്‍ മാറ്റിവച്ച് പാടിയും, ആടിയും, തമാശകള്‍ പൊട്ടിച്ചും, കുടുംബവിശേഷങ്ങള്‍ പങ്കുവച്ചും, ഒന്നിച്ചുള്ള ആരാധനയില്‍ പങ്കെടുത്തും സ്നേഹവിരുന്ന് ആസ്വദിച്ചും എല്ലാവരും കുടുംബസമേതം രണ്ടുദിവസം സന്തോഷമായി ചെലവഴിച്ചു. ആഘോഷത്തിന്റെ ഭാഗമായി ടാലന്റ് ഷോയും സംഘടിപ്പിച്ചു.

27നു ഫ്രാന്‍സിസ് മാര്‍പാപ്പ വേള്‍ഡ് ഫാമിലി മീറ്റിംഗിന്റെ സമാപനത്തില്‍ ഫിലാഡല്‍ഫിയയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ അംഗങ്ങള്‍ പങ്കെടുത്തു.  

യോഗത്തില്‍ പുതിയ ഭാരവാഹികളായി മേരികുട്ടി കുര്യാക്കോസ് ഷിക്കാഗോ (പ്രസിഡന്റ്), ഏലിയാമ്മ ബേബി ഹൂസ്റണ്‍ (വൈസ് പ്രസിഡന്റ്), ലൂസി ജോസഫ് ഒക്ലഹോമ (സെക്രട്ടറി), ഗ്രേസി പുരയ്ക്കല്‍ ന്യൂയോര്‍ക്ക് (ജോ. സെക്രട്ടറി), മേരി ജയിംസ് ഫ്ളോറിഡ (ട്രഷറര്‍), എല്‍സി വാതിയേലില്‍ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അടുത്ത സമ്മേളനം ഹൂസ്റണില്‍ നടക്കും.

ന്യൂഡല്‍ഹി, പാറ്റ്ന, മാന്‍ഡര്‍ എന്നിവിടങ്ങളിലെ ഹോളി ഫാമിലി ഹോസ്പിറ്റല്‍ നഴ്സിംഗ് കോളജുകളില്‍നിന്നും ബിരുദമെടുത്ത് അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍ ആതുരശുശ്രൂഷ, ആരോഗ്യവിദ്യാഭ്യാസം എന്നീ മേഖലകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിനു ഹെല്‍ത്ത്കെയര്‍ പ്രഫഷണല്‍സിന്റെ സൌഹൃദക്കൂട്ടായ്മയാണ് ഹോളി ഫാമിലി ആന്‍ഡ് മെഡിക്കല്‍ മിഷന്‍ ഇന്ത്യ അലൂംനി എന്നപേരില്‍ അറിയപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍