കോഴിക്കോട് കോര്‍പറേഷനിലെ അഴിമതിഭരണം അവസാനിപ്പിക്കും: സിറ്റി കെഎംസിസി
Friday, October 16, 2015 8:13 AM IST
റിയാദ്: കോഴിക്കോട് കോര്‍പറേഷനിലെ നാലു പതിറ്റാണ്ടായി തുടരുന്ന ഇടതു ദുര്‍ഭരണത്തിനെതിരേ ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിധിയെഴുതണമെന്ന് റിയാദ് കോഴിക്കോട് സിറ്റി കെഎംസിസി യോഗം അഭ്യര്‍ഥിച്ചു.

പതിനാറോളം വിജിലന്‍സ് കേസുകളാണു കോര്‍പറേഷന്‍ ഭരണകര്‍ത്താക്കള്‍ക്കെതിരേ നിലവിലുള്ളത്. പരസ്യവരുമാനത്തിലും അനധികൃത നിര്‍മാണാനുമതിയിലൂടെയും കോര്‍പറേഷന്‍ കെട്ടിടങ്ങളുടെ വാടകയിനത്തിലും വര്‍ഷം തോറും നടത്തിവരുന്ന ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ മറവിലും കോടികളുടെ അഴിമതിയാണ് ഇടതുഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. മേയറുടെ ദുരിതാശ്വാസനിധിയുടെ കണക്കുപോലും കൈവശമില്ലെന്ന് പറയണ്ടിവന്നത് അഴിമതിയെ വെള്ളപൂശലാണ്. പ്രതിപക്ഷശബ്ദങ്ങളെ അടിച്ചമര്‍ത്തിയും കൌണ്‍സിലിനെ നോക്കുകുത്തിയാക്കിയും പാര്‍ട്ടി സെല്‍ ഭരണം നടത്തുന്ന സിപിഎം മുന്നണി ഭരണകൂടത്തിനെതിരായി പ്രവാസി കുടുംബങ്ങളില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിറ്റി കെഎംസിസി കമ്മിറ്റി തീരുമാനിച്ചു.

23നു (വെള്ളി) രാത്രി ഏഴിനു ബത്ഹയില്‍ വിപുലമായ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. നാട്ടില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ദുന്നാസര്‍ മാങ്കാവ്, ഷൌക്കത്ത് പന്നിയങ്കര, അസ്ലം കിണാശേരി, ഷരീഫ് പയ്യാനക്കല്‍, ഹനാന്‍ ബിന്‍ ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

യോഗത്തില്‍ പ്രസിഡന്റ് മിര്‍ഷാദ് ബക്കര്‍ അധ്യക്ഷത വഹിച്ചു. സൌദി കെഎംസിസി സെക്രട്ടറി എസ്.വി. അര്‍ഷുല്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസര്‍ മാങ്കാവ്, സൈതു മീഞ്ചന്ത, പി.ടി. അന്‍സാരി കുറ്റിച്ചിറ, ഉമര്‍ പുതിയേടത്ത് എന്നിവര്‍ പ്രസംഗിച്ചു. നൌഷാദ് മാത്തോട്ടം സ്വാഗതവും ഷൌക്കത്ത് പന്നിയങ്കര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍