കുവൈത്ത് പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം സെമിനാര്‍ സംഘടിപ്പിച്ചു
Friday, October 16, 2015 6:05 AM IST
കുവൈത്ത് സിറ്റി: കുവൈത്തു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി പ്രഫഷണലുകളുടെ കൂട്ടായ്മയായ പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം 'ഐഎസ്ഒ 9001 ലോകത്തെ മാറ്റിമറിച്ച ഉദാത്തമായ മാനേജ്മെന്റ് സ്റാന്‍ഡേര്‍ഡ്, നമ്മുടെ ജീവിതത്തെയും മാറ്റാന്‍ കഴിയും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

മംഗഫ് കല കുവൈത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ച ടിസിബി കുവൈത്ത് മാനേജിംഗ് ഡയറക്ടര്‍ എന്‍ജിനിയര്‍ എം.എസ്. റേ ആഗോളതലത്തിലെ ക്വാളിറ്റി മാനേജ്മെന്റ് സംവിധാനവും ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യവും താരതമ്യ അപഗ്രഥനം നടത്തി സംസാരിച്ചു.

ഐഎസ്ഒ സാക്ഷ്യപ്പെടുത്തിയ കമ്പനികളെ താരതമ്യപ്പെടുത്തിയാല്‍ ഒന്നാം സ്ഥാനത്തുള്ള മൂന്നരലക്ഷത്തോളം വരുന്ന ചൈനീസ് കമ്പനികളേയോ രണ്ടാം സ്ഥാനത്തുള്ള ഒന്നരലക്ഷത്തോളം വരുന്ന ഇറ്റാലിയന്‍ കമ്പനികളേയോ അപേക്ഷിച്ച് തുലോം പരിമിതമായ നാല്‍പ്പതിനായിരം എണ്ണം മാത്രമെന്ന നിലയിലാണ് ഇന്ത്യന്‍ കമ്പനികളുടെ സ്ഥാനം. ഗുണമേന്മ ലക്ഷ്യം നേടാന്‍ മറ്റു രാജ്യങ്ങള്‍ കാണിക്കുന്ന കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് ഇതു കാണിക്കുന്നത്.

ഇന്ത്യയുടെ വ്യവസായ പുരോഗതിയെ പിന്നോട്ടടിക്കുന്ന ഒരു പ്രധാന കാരണം ഗുണമേന്മ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങളില്ലെന്നതാണ്. ലോകമൊട്ടാകെ പതിനൊന്നരലക്ഷത്തോളം കമ്പനികള്‍ ഐഎസ്ഒ സാക്ഷ്യപ്പെടുത്തിയതാണെന്നുള്ളതും ഇതു മുന്നോട്ടു വയ്ക്കുന്ന ഐഎസ്ഒ ഓഡിറ്റര്‍ എന്ന തൊഴില്‍ സാധ്യത വളരെ മികച്ചതാണെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.

ഏഴരലക്ഷത്തോളം എന്‍ജിനിയര്‍മാര്‍ മുഖ്യധാരാ എന്‍ജിനിയറിംഗ് മേഖലയില്‍ ഓരോ വര്‍ഷവും ബിരുദം നേടുന്നുവെങ്കിലും വ്യാവസായിക, സേവന മേഖലയിലെ ഗുണമേന്മ ശോഷണം അമ്പരപ്പിക്കുന്നതാണ്. ഗുണമേന്മ സംവിധാനത്തില്‍ മുറുകെപിടിച്ചുള്ള ഒരു വ്യവസ്ഥക്കു മാത്രമേ സുസ്ഥിര വികസനത്തിനായി സാധിക്കുകയുള്ളൂവെന്നും സമ്പന്നവും വൈവിധ്യവുമായ വിഭവശേഷിയുള്ള ഇന്ത്യയില്‍ ഇത് അനായാസം നേടാന്‍ കഴിയുന്നതാണെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.

വരും ദിനങ്ങളിലെങ്കിലും ഇന്ത്യയുടെ വിഭവശേഷിയെ മുന്‍ഗണനാക്രമത്തില്‍, മെച്ചപ്പെട്ടരീതിയില്‍ ഉപയോഗപ്പെടുത്തി ആഗോളതലത്തില്‍ ഗുണനിലവാരത്തിലുള്ള ഉന്നതി കൈവരിക്കുമെന്ന് സെമിനാര്‍ പ്രത്യാശിച്ചു.

ചടങ്ങില്‍ പിപിഎഫ് പ്രസിഡന്റ് വിനോദ് എ.പി. നായര്‍ ഉദ്ഘാടനം ചെയ്തു. എക്സികൂട്ടീവ് മെംബര്‍ സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷകനെ സദസിനു പരിചയപ്പെടുത്തി. ട്രഷറര്‍ രാജഗോപാലന്‍ പിപിഎഫിന്റെ ഉപഹാരം എം.എസ്. റേക്കു സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍