'ഇന്ത്യാക്കാരുടെ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കും'
Thursday, October 15, 2015 8:19 AM IST
ദമാം: ഇന്ത്യക്കാരുമായി ബന്ധപ്പെട്ട തൊഴില്‍ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കുമെന്ന് കിഴക്കന്‍ പ്രവിശ്യാ തൊഴില്‍ ഡയറക്ടറേറ്റ് മേധാവി ഉമര്‍ അല്‍ ഉമരി. ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ കിഴക്കന്‍ പ്രവിശ്യാ തൊഴില്‍ കാര്യാലയത്തില്‍ നടത്തിയ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്.

ഇന്ത്യന്‍ സമൂഹം എന്നും തങ്ങള്‍ക്കു ഏറെ പ്രിയപ്പെട്ടവരാണ്, അവര്‍ തങ്ങളുടെ നല്ല സുഹൃത്തുക്കളും തങ്ങളുടെ നല്ല പങ്കാളികളുമാണ്. ചരിത്രപരമായ ബന്ധമാണ് ഇന്ത്യയും സൌദിയുമായുള്ളത്. ശക്തവും ആഴത്തിലുള്ള ബന്ധമാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തുടര്‍ന്നു വരുന്നത്. ഇരു രാജ്യങ്ങള്‍ക്കും തൃപ്തികരമായ നിലയില്‍ ഇന്ത്യക്കാരുടെ കേസുകള്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കുമെന്ന് അല്‍ ഉമരി ഉറപ്പു നല്‍കി.

ഇന്ത്യക്കാരായ തൊഴിലാളികളുമായി ബന്ധപ്പെട്ടു നടക്കുന്ന കേസുകള്‍ നീണ്ടു പോവുന്നതും കിഴക്കന്‍ പ്രവിശ്യയിലെ ചില കമ്പനികളില്‍ തൊഴിലാളികള്‍ക്കു ശമ്പളം നല്‍കുന്നതിനു താമസം നേരിടുന്നതും ഫസ്റ് സെക്രട്ടറി തൊഴില്‍ വകുപ്പു മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

ഇന്ത്യന്‍ എംബസി പ്രതിനിധികളുടെ മികച്ച സഹകരണം മാനിച്ചു കിഴക്കന്‍ പ്രവിശ്യാ മേധാവി ഉമര്‍ അല്‍ ഉമരി ഫസ്റ് സെക്രട്ടറി അനില്‍ നോട്ടിയാലിനു മൊമെന്റോ സമ്മാനിച്ചു. ചടങ്ങില്‍ എംബസി ഉദ്യോഗസ്ഥരായ ഇംദാദ്, രിതീഷ് കുമാര്‍, സാമൂഹ്യ പ്രവര്‍ത്തകനായ സയിദ് മഹമൂദുല്‍ ഹസന്‍ (ഉത്തര്‍പ്രദേശ്) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കിഴക്കന്‍ പ്രവിശ്യാ തൊഴില്‍ മേധാവി, ഗാര്‍ഹിക തൊഴില്‍ തര്‍ക്ക പരിഹാര സമിതി തലവന്‍ ദര്‍ഫാന്‍ അല്‍ സുഖൂര്‍ തുടങ്ങിയവര്‍ക്കു സംഘം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം