മാര്‍ത്തോമ സീനിയര്‍ ഫെലോഷിപ്പ് ദേശീയ കോണ്‍ഫറന്‍സിനു തുടക്കം
Thursday, October 15, 2015 8:12 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന സീനിയര്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ദേശീയ കോണ്‍ഫറന്‍സിനു ഹൂസ്റണില്‍ തുടക്കമായി.

ട്രിനിറ്റി മാര്‍ത്തോമ ഇടവകയിലെ സീനിയര്‍ ഫെലോഷിപ്പ് ആതിഥ്യം അരുളുന്ന കോണ്‍ഫറന്‍സ് ഒക്ടോബര്‍ 14നു വൈകുന്നേരം (ബുധന്‍) വൈകുന്നേരം ഏഴിനു ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ ആരംഭിച്ചു.

ഭദ്രാസന പ്രോജക്ട് മാനേജര്‍ റവ. ഡോ. ഫിലിപ്പ് വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ഥനയോടെ ആരംഭിച്ച കോണ്‍ഫറന്‍സിനു ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം സ്വാഗതം ആശംസിച്ചു. തുടര്‍ന്നു ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. 'യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും' എന്നതായിരുന്നു ചിന്താവിഷയം. ദൈവ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നതിനു വ്യക്തിപരമായ പ്രാര്‍ഥന, കുടുംബ പ്രാര്‍ഥന, നിരന്തര വേദപുസ്തക പഠനം എന്നിവ ജീവിതചര്യയായി മാറണം. സഭയിലെ ഓരോ മുതിര്‍ന്ന അംഗവും ക്രിസ്തുവിന്റെ ദൌത്യവാഹകരായി തീരണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. അടൂര്‍ ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ ആശംസ നേര്‍ന്നു. ഗായകസംഘം തീം സോംഗ് ആലപിച്ചു. ജനറല്‍ കണ്‍വീനര്‍ ജോണ്‍ ഫിലിപ്പ് പങ്കെടുക്കുന്ന അംഗങ്ങളെ സദസിനു പരിചയപ്പെടുത്തി. ചടങ്ങില്‍ റവ. ഡോ. സാജു മാത്യു, റവ. മാത്യൂസ് ഫിലിപ്പ്, റവ. ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍ എന്നിവരും സന്നിഹിതരായിരുന്നു.

16നു (വെള്ളി) ഹ്രസ്വ സന്ദര്‍ശനാര്‍ഥം അമേരിക്കയിലെത്തുന്ന ഡല്‍ഹി ഭദ്രാസനാധ്യഷന്‍ ഡോ. ഏബ്രഹാം മാര്‍ പൌലോസ് എപ്പിസ്കോപ്പ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

17 നു (ശനി) വരെ നടക്കുന്ന ദേശീയ കോണ്‍ഫറന്‍സില്‍ ഡോ. സേവാ എസ്. ലേഖ, ഡോ. മുലൈഖ രാജി, ഡോ. വി.ടി. ശാമുവല്‍, പി.വി. ജോണ്‍, പ്രിയ കോശി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി