ഒക്ടോബര്‍ 15 ഹിജ്റ വര്‍ഷാരംഭം; വിദേശികള്‍ക്കു ആശങ്കപ്പാടാനുള്ള പ്രഖ്യാപനമില്ല
Thursday, October 15, 2015 5:23 AM IST
റിയാദ്: ഒക്ടോബര്‍ 15 ഹിജ്റ വര്‍ഷാരംഭം. സൌദിയില്‍ പലനിയമങ്ങളും പ്രാബല്യത്തില്‍ വരുക ഹിജ്റ വര്‍ഷാരംഭമായ മുഹറം മാസത്തിലാണ്. ഹിജ്റ വര്‍ഷത്തെ ആസ്പദമാക്കി മുന്നോട്ട് പോകുന്ന രാജ്യമാണ് സൌദി അറേബ്യ. അതു കൊണ്ടുതന്നെ സൌദിയില്‍ പലനിയമങ്ങളും പ്രാബല്യത്തില്‍ വരുക ഹിജ്റ വര്‍ഷാരംഭമായ മുഹറം മാസത്തിലാണ്. ഒരു കോടിയോളം വരുന്ന വിദേശ തൊഴിലാളികളുള്ള സൌദിയില്‍ അവര്‍ക്കു ആശങ്കക്കു വകയുള്ള നിയമങ്ങളൊന്നും നടപ്പിലാക്കുന്നതായ പ്രഖ്യാപനം ഈ വര്‍ഷം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.

ഈ വര്‍ഷം വിദേശികളുമായി ബന്ധപ്പെട്ടു നടപ്പിലാക്കാന്‍ പോകുന്ന പല നിയമങ്ങളും പരിഷ്കാരങ്ങളും വിദേശികള്‍ക്കു പൊതുവെ അനുകൂലമാണന്നാണു വിലയിരുത്തുന്നത്. വിദേശികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയുടെ പേരു മാറ്റി ഹവിയത് മുഖീം എന്നാക്കി മാറ്റുന്ന പരിഷ്കാരം ഇന്നു മുതല്‍ നടപ്പില്‍ വരും. ഓരോ വര്‍ഷത്തേക്കും നല്‍കിയിരുന്ന ഇഖാമക്ക് പകരം അഞ്ചു വര്‍ഷത്തേക്കാണ് ഹവിയത് മുഖീം നല്‍കുന്നത്.

വിദേശികളുമായിമായി ബന്ധപ്പെട്ട ശ്രദ്ദേയമായ ഒരു പരിഷ്കാരമാണിത്. കൂടാതെ നീണ്ടു പോവുന്ന തൊഴില്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പു കല്‍പിക്കുന്നതിനു പ്രത്യേക തൊഴില്‍ കോടതികള്‍ ഈമാസം മുതല്‍ നിലവില്‍ വരുമെന്നും നീതി ന്യായ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. അതുപോലെ നിതാഖാത്തിന്റെ മൂന്നാംഘട്ടം ഈ വര്‍ഷമാദ്യം നടപ്പിലാക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് നീട്ടി വെച്ചതായാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

കൂടാതെ വനിതാവത്കരണം നാലാം ഘട്ടം നടപ്പിലാക്കുന്നതും നീട്ടി വെച്ചിട്ടുണ്ട്. മന്ത്രി സഭ അംഗീകരിച്ച 38 തൊഴില്‍ നിയമഭേദഗതിയിലും വിദേശ തൊഴിലാളികള്‍ക്കു പറയത്തയക്ക ആശങ്കകളൊന്നും ഇല്ലന്നു മാത്രല്ല പല നിയമങ്ങളും വിദേശ തൊഴിലാളികള്‍ക്കു സഹായകമാവുന്നതുമാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം