ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്ക്കറ്റ് കേരള വിഭാഗം വിജ്ഞാനോത്സവം സംഘടിപ്പിച്ചു
Wednesday, October 14, 2015 8:16 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്ക്കറ്റ് കേരള വിഭാഗം സംഘടിപ്പിച്ച വിജ്ഞാനോത്സവത്തില്‍ അഭൂതപൂര്‍വമായ പങ്കാളിത്തം. ഇന്ത്യന്‍ സ്കൂള്‍ ദാര്‍സൈറ്റില്‍ നടന്ന മത്സരത്തില്‍ ഒമാനിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തത് ഇന്ത്യന്‍ സ്കൂള്‍ ദാര്‍സൈറ്റില്‍നിന്നാണ്.
പ്രമുഖ മാധ്യമ പ്രവര്‍ത്തക ആര്‍. പാര്‍വതി ദേവി ക്വിസ് മാസ്റര്‍ ആയിരുന്നു.

ഒമാനിലെ പ്രവാസി വിദ്യാര്‍ഥികളില്‍ മലയാള ഭാഷയോടും സാഹിത്യത്തോടും അഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പതിനാലാം തവണയാണു കേരള വിഭാഗം വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.

രാവിലെ പ്രശസ്ത കവി പ്രഭാ വര്‍മ ഫോണിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു. മാതൃഭാഷയായ മലയാളം അമ്മയുടെ മുലപ്പാല്‍ പോലെ നമ്മിലേക്കെത്തുന്നതാണെന്നും അത് എന്നെന്നും നമ്മുടെ വളര്‍ച്ചയുടെ അടിസ്ഥാനമാണെന്നും പ്രഭാ വര്‍മ പറഞ്ഞു.

സീനിയര്‍ ജൂണിയര്‍ വിഭാഗങ്ങളില്‍ നിന്നായി പ്രാഥമിക മത്സരങ്ങളില്‍നിന്നും തെരഞ്ഞെടുത്ത ആറു ടീമുകള്‍ വീതമാണ് ഫൈനലില്‍ എത്തിയത്. കല, സാഹിത്യം, രാഷ്ട്രീയം, സ്പോര്‍ട്സ്, ആനുകാലികം തുടങ്ങിയ റൌണ്ടുകളിലായി നടത്തിയ മത്സരം കാണികളിലും ആവേശമായി.

ജൂണിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഗുബ്രയിലെ സിദ്ധാര്‍ഥ് സജീവ്, അഭിരാമി അനില്‍ ബാബു, മാളവിക ശിവപ്രസാദ് എന്നിവര്‍ ഒന്നാം സ്ഥാനവും ഇന്ത്യന്‍ സ്കൂള്‍ അല്‍ സീബിലെ മൈഥിലി രാജ്, ഐശ്വര്യ പ്രമോദ്, അരുണ്‍ കെ. അജികുമാര്‍, ദേവിക എന്നിവര്‍ രണ്ടാം സ്ഥാനവും ഇന്ത്യന്‍ സ്കൂള്‍ ദാര്‍സൈറ്റിലെ ജോയല്‍ ജോണ്‍, ആദിത്യ രാജ്, ശ്രീലക്ഷ്മി കെ. ആസാദ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സീനിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഗുബ്രയിലെ സൌരവ് ശിവപ്രസാദ്, അഖില്‍ ഗോപകുമാര്‍, വൈഷ്ണവ് എസ്. നായര്‍ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും ഇന്ത്യന്‍ സ്കൂള്‍ മസ്കറ്റിലെ നദാ ഫാത്തിമ, ലക്ഷ്മി അനില്‍കുമാര്‍, നജില നൌഷാദ് എന്നിവര്‍ രണ്ടാം സ്ഥാനവും ഇന്ത്യന്‍ സ്കൂള്‍ ദാര്‍സൈറ്റിലെ ദേവനിഷ് മോഹന്‍, ഹരികൃഷ്ണ ലാല്‍, ഭദ്ര അശോക്കുമാര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് പാര്‍വതി ദേവി പ്രശസ്തിപത്രവും ഫലകവും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം