ദുബായി കെഎംസിസി യെമന്‍ വി കെയര്‍ കാമ്പയിന്‍ 20നു സമാപിക്കും
Wednesday, October 14, 2015 8:14 AM IST
ദുബായി: എമിറേറ്റസ് റെഡ് ക്രെസന്റുമായി സഹകരിച്ചു ദുബായി കെഎംസിസി നടത്തി വരുന്ന 'യെമന്‍ വി കെയര്‍' കാമ്പയിന്‍ ഒക്ടോബര്‍ 20നു (ചൊവ്വ) സമാപിക്കും. കീഴ്ഘടകങ്ങളില്‍ നിന്നും കെഎംസിസി പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച സംഖ്യയും മറ്റു വിഭവങ്ങളും 22നു റെഡ് ക്രെസന്റിനു കൈമാറും.

ദുബായി കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ തോതിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂത്തുപറമ്പ് മണ്ഡലം കെഎംസിസി മുഖേന സമാഹരിച്ച ഒരു ലക്ഷം രൂപ മണ്ഡലം യെമന്‍ കാമ്പയിന്‍ ചെയര്‍മാന്‍ പി.കെ. ഇസ്മായില്‍ ദുബായി കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിക്കു കൈമാറി. ഇനിയും ഫണ്ട് ഏല്‍പ്പിക്കാന്‍ ബാക്കിയുള്ള മണ്ഡലം കമ്മിറ്റികള്‍ 20നു മുമ്പായി കെഎംസിസി ഓഫീസില്‍ എത്തിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഉമ്മര്‍ ആവയില്‍, ഒ.കെ ഇബ്രാഹിം, ഇസ്മായില്‍ ഏറാമല, അഡ്വ. സാജിദ് അബൂബക്കര്‍, ഉസ്മാന്‍ പി. തലശേരി, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍. ഷുക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍