'ഫാസിസത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യ മതേതര കൂട്ടായ്മ ഉണര്‍ന്നു പ്രവര്‍ത്തിക്കണം'
Wednesday, October 14, 2015 8:11 AM IST
റിയാദ്: വര്‍ഗീയതയും ജനാധിപത്യ നിഷേധവും ഏറ്റവും അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്ന ഇന്നത്തെ അവസ്ഥയിലും ജാനാധിപത്യ മതേതര വിശ്വാസികളുടെ കുറ്റകരമായ നിസംഗത, ഇന്ത്യയില്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഫാസിസത്തിന്റെ കടന്നുവരവിനു കളമൊരുക്കുമെന്നു പ്രമുഖ കവിയും നാടകകൃത്തും അഭിനേതാവും സാംസ്കാരികപ്രവര്‍ത്തകനുമായ കരിവെള്ളുര്‍ മുരളി പറഞ്ഞു. റിയാദില്‍ കേളി കലാസാംസ്കാരിക വേദിയുടെ സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ഇന്ത്യന്‍ ഫാസിസത്തിന്റെ പുതുവഴികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തില്‍ സഹജമായ സമത്വബോധം ഉള്‍ക്കൊള്ളുന്ന ജനങ്ങളില്‍ വര്‍ഗീയതയുടെയും ഭരണകൂട ഭീകരതയുടെയും ഭയപ്പാടില്‍, നാമറിയാതെ നമ്മിലേക്കു ജനാധിപത്യ നിഷേധത്തിന്റെയും വര്‍ഗീയതയുടെയും വിഷവിത്തുകള്‍ പാകുകയാണ് ഇന്നു നടക്കുന്നതെന്ന് കരിവെള്ളൂര്‍ മുരളി പറഞ്ഞു.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഈ അസഹിഷ്ണുത ഇന്നോ ഇന്നലെയോ പൊടുന്നനെ പൊട്ടിമുളച്ചതല്ല എന്നു മനസിലാക്കാം. 1925 സെപ്റ്റംബര്‍ 27ലെ വിജയദശമി നാളില്‍ ആര്‍എസ്എസിന്റെ രുപപ്പെടലോടെതന്നെ അതിന്റെ ബീജാവാപം നടന്നു കഴിഞ്ഞിരുന്നു. പിന്നീടിങ്ങോട്ട് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചുകൊണ്ട് തുടങ്ങി അയോധ്യയിലൂടെ, ഗുജറാത്തിലൂടെ, ഒഡീഷയിലൂടെ, കര്‍ണാടകയിലൂടെ, തമിഴ്നാട്ടിലൂടെ ഇങ്ങു കേരളത്തിലും എത്തിനില്‍ക്കുന്നു സവര്‍ണ മേധാവിത്വത്തിന്റെയും വിദ്വേഷത്തിന്റെയും വിഷവിത്തുകള്‍. ഇതിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇനിയും അമാന്തിച്ചാല്‍ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ വലിയ വില നല്‍കേണ്ടിവരും എന്നാണു ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേളി സാംസ്കാരിക വിഭാഗം ചെയര്‍മാന്‍ സിയാദ് മണ്ണഞ്ചേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം കരിവെള്ളൂര്‍ മുരളിയെ ബൊക്കെ നല്‍കി സ്വാഗതം ചെയ്തു. കണ്‍വീനര്‍ കെ.ടി. ബഷീര്‍ സ്വാഗതവും ജോ. കണ്‍വീനര്‍ രാജു നീലകണ്ഠന്‍ നന്ദിയും പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി റഷീദ് മേലേതില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍