ഒരുമയുടെ പൂര്‍ണ പിന്തുണ: ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്കു ജോമോന്‍ കുളപ്പുരയ്ക്കല്‍
Wednesday, October 14, 2015 5:19 AM IST
ഫ്ളോറിഡ: ഒര്‍ലന്‍ഡോ റീജണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനും മികച്ച സംഘാടകനും കലാകാരനുമായ ജോമോന്‍ കുളപ്പുരയ്ക്കലിനെ 2016- 2018 വര്‍ഷത്തേക്കുളള്ള ഫോമാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ജോയിന്റ് ട്രഷററര്‍ സ്ഥാനത്തേക്ക് ഒരുമ അസോസിയേഷന്‍ യോഗം ഐക്യകണ്ഠ്യേന നാമനിര്‍ദ്ദേശം ചെയ്തു. ഒക്ടോബര്‍ പത്തിനു വൈകിട്ട് ഒര്‍ലന്‍ഡോ ആസിയോള കേവ് സര്‍ക്കിളില്‍ നടന്ന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സായിറാം അധ്യക്ഷത വഹിച്ചു.

സാമൂഹിക, ജീവകാരുണ്യ, കലാകായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോമോന്‍ കുളപ്പുരയ്ക്കല്‍ ഫ്ളോറിഡയിലെ മുഴുവന്‍ മലയാളിപ്രവാസികള്‍ക്കും സുപരിചിതനാണ്. മലയാളി സമൂഹത്തിന്റെയും സാംസ്ക്കാരിക തനിമയുടെയും കലാകേരളത്തിന്റെയും നിറസാന്നിധ്യമായ ജോമോന്‍ കുളപ്പുരയ്ക്കലിന്റെ പേര്‍ ജോയ് ജോസഫ് നിര്‍ദേശിക്കുകയും സണ്ണി കൈതമറ്റം പിന്താങ്ങുകയും ചെയ്തു. ഒരുമയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ ജോമോന്‍ കുളപ്പുരയ്ക്കല്‍ ജോയിന്റ് ട്രഷററര്‍ സ്ഥാനത്തിലൂടെ ഫോമയുടെ ദേശീയ നേത്യുത്വ നിരയിലേയ്ക്ക് എത്തിയാല്‍ അസോസിയേഷന്റെ വളര്‍ച്ചയ്ക്കും സംഘടനയുടെ സുഗമമായ നടത്തിപ്പിനും ഏറെ പ്രയോജനമാകുമെന്നു യോഗം വിലയിരുത്തുകയും അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു.

ഫോമയുടെ റീജണല്‍ വൈസ് പ്രസിഡന്റ്, ഫോമ നാഷണല്‍ കമ്മറ്റി മെമ്പര്‍, നാഷണല്‍ താലന്ത് മത്സര ത്തിന്റെ കണ്‍വീനര്‍, സെന്‍ട്രല്‍ ഫ്ളോറിഡ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങി ഒട്ടനവധി നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുളള്ള ഇദ്ദേഹം റ്റാമ്പ നാടകവേദിയുടെ സംവിധായകനും മുഖ്യ നടനുമാണ്. നിരവധി ചലച്ചിത്ര- മിമിക്രി-നാടക കലാകാരന്മാരെ അമേരിക്കയില്‍ എത്തിച്ച വിവിധ പ്രോഗ്രാമുകളുടെ സ്പോണ്‍സര്‍ കൂടിയാണ്. ഫോമയൂടെ വിവിധ ദേശീയ പരിപാടികള്‍ ഫ്ളോറിഡയില്‍ നടത്തി വിജയിപ്പച്ചതിന്റെ അഭിമാനത്തോടും ആത്മവിശ്വാസത്തൂേടും ജനപിന്തുണയോടും കൂടിയാണു മത്സരരംഗത്ത് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒരുമയുടെ മുന്‍ പ്രസിഡന്റുമാരയ സജി ജോണ്‍, അശോക് മേനോന്‍, ഷാജി തൂമ്പുങ്കല്‍, ഭാരവാഹികളായ വര്‍ഗീസ് ജോസഫ്, സണ്ണി കൈതമറ്റം, ജെറി കമ്പിയില്‍, ജോയ് ജോസഫ്, നിര്‍മ്മല ജോയ്, ദയ കമ്പിയില്‍, നിബു വെളള്ളവന്താനം, വിനോയ് ജോര്‍ജ്, യുവജന പ്രവര്‍ത്തകരായ അനിരുദ്ധ് പാലിയത്ത്, ആഷിഷ് ജോയ് എന്നിവര്‍ പ്രസംഗിച്ചു. ഒരുമ ജോയിന്റ് സെക്രട്ടറി ഷാനവാസ് ബീരാവു സ്വാഗതവും ജോമോന്‍ കുളപ്പുരയ്ക്കല്‍ നന്ദിയും അറിയിച്ചു. നിബു വെള്ളവന്താനം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം