ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ ഇടവക തിരുനാള്‍
Tuesday, October 13, 2015 6:52 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ മെട്രോ ഡിട്രോയിറ്റ് ഏരിയായിലെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ഇടവക തിരുനാള്‍ ഒക്ടോബര്‍ 23 മുതല്‍ 25 വരെ ആഘോഷിക്കുന്നു.

തിരുനാളിനു മുന്നൊരുക്കമായി 13നു (ചൊവ്വ) മുതല്‍ 16 (വെള്ളി) വരെ വൈകുന്നേരം ഏഴു മുതലും 17നു (ശനി) രാവിലെ ഒമ്പതിനും 18നു (ഞായര്‍) രാവിലെ 10നും 19 മുതല്‍ മുതല്‍ 22 വരെ വൈകുന്നേരം ഏഴിനും വിശുദ്ധ കുര്‍ബാനയും കൊന്തനമസ്കാരവും ഉണ്ടായിരിക്കും.

23നു (വെള്ളി) വൈകുന്നേരം ആറിനു നടക്കുന്ന കൊടിയേറ്റുകര്‍മത്തിനു പള്ളി വികാരി ഫാ. റോയ് മൂലേച്ചാലില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു മുന്‍ വികാരിയും ഡാളസിലെ സെന്റ് തോമസ് അപ്പോസ്റല്‍ സീറോ മലബാര്‍ ഫൊറോന വികാരിയുമായ ഫാ. ജോര്‍ജ് ഇളമ്പശേരിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും. ഫാ. ജോര്‍ജ് പള്ളിപറമ്പിലിന്റെ (റീജണല്‍ സുപ്പീരിയര്‍, പിഐഎംഇ) പ്രഭാഷണവും ലദീഞ്ഞും ഉണ്ടാകും. 7.30നു പുതുതായി പണി കഴിപ്പിച്ച സാന്‍ തോം ഓഡിറ്റോറിയത്തിന്റെ (പാരിഷ് ഹാള്‍) ആശിര്‍വാദവും ഉദ്ഘാടനവും ഫാ. ജോര്‍ജ് ഇളമ്പശേരില്‍ നിര്‍വഹിക്കും. തുടര്‍ന്നു സാന്‍ തോം ഫെസ്റ് 2015, ഡിന്നര്‍ എന്നിവയോടെ തിരുനാളിന്റെ ആദ്യ ദിവസത്തിനു തിരശീല വീഴും.

24നു (ശനി) വൈകുന്നേരം 5.30നു ഫാ. ജോസഫ് കട്ടാക്കര സിഎംഐയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാ. ജോയ് ചക്കിയാന്റെ പ്രഭാഷണവും ലദീഞ്ഞും ഉണ്ടാകും. 6.30 മുതല്‍ 8.30 വരെ സ്നേഹ സ്പര്‍ശം എന്ന മ്യൂസിക്കല്‍ ഡ്രാമയും ഉണ്ടാകും. തുടര്‍ന്നു ഡിന്നറോടെ തിരുനാളിന്റെ രണ്ടാം ദിവസത്തിനു തിരശീല വീഴും.

പ്രധാന തിരുനാള്‍ ദിനമായ 25നു (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിനു ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിലെ വികാരി ഫാ. ഫിലിപ്പ് രാമച്ഛനാട്ടിന്റെ നേതൃത്വത്തില്‍ ഫാ. റോയ് മൂലേചാലില്‍, ഫാ. ജയ്സണ്‍ കല്ലൂക്കാരന്‍ സിഎംഐ, ഫാ. ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്നു തിരുനാള്‍ കുര്‍ബാനക്ക് കാര്‍മികത്വം വഹിക്കും. ഫാ. ജോര്‍ജ് പുത്തന്‍പീടിക പ്രഭാഷണം നടത്തും. തുടര്‍ന്നു ഫാ. ജോയ് ചക്കിയാന്റെ നേതൃത്വത്തില്‍ പ്രസുദേന്തി വാഴ്ച്ചയും ലദീഞ്ഞും പ്രദക്ഷിണവും നടക്കും. 5.30 മുതല്‍ ആറു വരെ കഴുന്നു എടുക്കാനും അടിമ വയ്ക്കാനും അവസരമുണ്ടാകും. വൈകുന്നേരം ആറിനു കലാക്ഷേത്ര ടെമ്പിള്‍ ഓഫ് ആര്‍ട്സ് അവതരിപ്പിക്കുന്ന ശിങ്കാരി മേളം അരങ്ങേറും. സ്നേഹ വിരുന്നോടെ തിരുന്നാളിനു തിരശീല വീഴും.

തോമസ് കര്‍ത്തനാള്‍ ആന്‍ഡ് മേരി കര്‍ത്തനാള്‍, ജേക്കബ് ആന്‍ഡ് സെലിന്‍ ജേക്കബ്, ജയിംസ് ആന്‍ഡ് ആന്‍സി വര്‍ഗീസ്, സൈജാന്‍ ആന്‍ഡ് മിനി എന്നിവരാണ് ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്