വടകര എന്‍ആര്‍ഐ ഫോറത്തിന്റെ 'പൂനിലാവ്' ശ്രദ്ധേയമായി
Monday, October 12, 2015 7:54 AM IST
ദമാം: ഗൃഹാതുരമുണര്‍ത്തുന്ന വിരുന്നൊരുക്കി കിഴക്കന്‍ പ്രവശ്യയിലെ പ്രമുഖ കൂട്ടായ്മയായ വടകര എന്‍ആര്‍ഐ ഫോറം സംഘടിപ്പിച്ച 'പൂനിലാവ് 2015' എന്ന പരിപാടി വ്യത്യസ്തത കൊണ്ടു മികവു പുലര്‍ത്തി.

ഒക്ടോബര്‍ ഒമ്പതിനു ഉമ്മുല്‍ സാഹിക് ഓഡിറ്റോറിയത്തില്‍ ഓണം- ഈദ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ കുടുംബിനികള്‍ ഒരുക്കിയ 'തക്കാരം' വടകരക്കാരുടെ പരമ്പരാഗത പലഹാരങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു. കൂടാതെ വടകര പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും കലാ കായിക മത്സരങ്ങളും ദമാമിലെ പ്രമുഖ പീഡിയാട്രീഷന്‍ ഡോ. ഹാഷിക് നടത്തിയ ആരോഗ്യ സെമിനാറും ശ്രദ്ധിക്കപ്പെട്ടു.

പ്രസിഡന്റ് ബിനീഷ് ഭാസ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി നിഷാദ് കുറ്റ്യാടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫൈസല്‍ വി.കെ. സാമ്പത്തിക റിപ്പോര്‍ട്ടും സക്കീര്‍ ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോ. സെക്രട്ടറി യൂനുസ് വടകര സ്വാഗതവും വനിതാ കണ്‍വീനര്‍ സുജാത ഗുണശീലന്‍ നന്ദിയും പറഞ്ഞു. ജമാല്‍ വില്ല്യാപള്ളി ആശംസകളര്‍പ്പിച്ച ചടങ്ങില്‍ പൂനിലാവ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും മുഖ്യരക്ഷാധികാരിയുമായ ഗുണശീലനാണ് പരിപാടിയെ നിയന്ത്രിച്ചത്. ചന്ദ്രന്‍ പുതുപ്പണം, രഞ്ജിത് വടകര, രാമചന്ദ്രന്‍ കാര്‍ത്തികപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം