'ആശങ്കകളും ഉത്കണ്ഠയും അകറ്റൂ, സമാധാനമായി ജീവിക്കൂ'
Monday, October 12, 2015 5:54 AM IST
ദോഹ: അനാവശ്യമായ ആശങ്കകളും അമിതമായ ഉത്കണ്ഠയുമാണു മനുഷ്യ ജീവിതത്തെ പലപ്പോഴും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതെന്നും നന്മ നിറഞ്ഞ സമീപനവും പ്രതീക്ഷാനിര്‍ഭരമായ പ്രവര്‍ത്തികളും സമാധാനം പ്രദാനം ചെയ്യുമെന്നും ലോക മാനസികദിനാചരണത്തോടനുബന്ധിച്ച് മീഡിയ പ്ളസും ഫ്രണ്ട്സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ലോകത്തെമ്പാടും സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും സമാധാനപരമായ സഹവര്‍ത്തിത്വത്തിനു പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ക്രിയാത്മകവും രചനാത്മകവുമായ മാര്‍ഗങ്ങളിലൂടെ അതിനെ അതിജീവിക്കുവാന്‍ സമൂഹം സജ്ജമാകണമെന്നു സെമിനാര്‍ ഓര്‍മപ്പെടുത്തി.

മനുഷ്യ മനസിന് ഏറെ ശക്തിയുള്ള ഒരു പ്രതിഭാസമാണെന്നും നല്ല ചിന്തകളും വികാരങ്ങളും കൊണ്ട് അതിന്റെ മാറ്റുകൂട്ടാന്‍ പരിശ്രമിക്കണമെന്നും സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിച്ച അബ്ബാസ് രാമനാട്ടുകര അഭിപ്രായപ്പെട്ടു.

നഷ്ടപ്പെട്ട ഇന്നലെകളും പിറക്കാനിരിക്കുന്ന നാളെകളും നമ്മെ ആശങ്കാകുലരാക്കി മനോഹരമായ ഇന്നുകളെ ദുസഹമാക്കരുതെന്നു സ്പീഡ്ലൈന്‍ പ്രിന്റിംഗ് പ്രസ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ് പറഞ്ഞു.

മനസിന്റെ ശുദ്ധീകരണവും ശാക്തീകരണവും മാനവ സമൂഹത്തിനു പുരോഗമനപരമായ ഊര്‍ജ്ജം പകരുമെന്ന് ഫ്രണ്ട്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി പറഞ്ഞു.

ആഗോളാടിസ്ഥാനത്തിലുള്ള ഭീകരവാദവും ഫാസിസ്റ് രീതികളുമൊക്കെ മാനസികാരോഗ്യത്തിനു വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ സമാധാനത്തിന്റെ അരുണോദയം കാത്തു കിടക്കുന്ന ലോകത്തിന്റെ പ്രതീക്ഷ വിവേകപൂര്‍വം കാര്യങ്ങള്‍ വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യുന്ന സമൂഹത്തിലാണെന്ന് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ ഗവേണിംഗ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ് പറഞ്ഞു.

കുടുംബജീവിതത്തിലും തൊഴില്‍രംഗത്തും സുതാര്യവും സത്യസന്ധവുമായ സമീപനങ്ങളാണ് സമാധാനവും ശാന്തിയും നല്‍കുകയെന്നാണു സൌദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും മൈന്‍ഡ് ട്യൂണ്‍ വേവ്സ് ജിസിസി. ഉപാധ്യക്ഷനുമായ എന്‍.കെ.എം. മുസ്തഫ അഭിപ്രായപ്പെട്ടത്.

എം.ടി. നിലമ്പൂര്‍, അമാനുള്ള വടക്കാങ്ങര, റഫീഖ് മേച്ചേരി എന്നിവര്‍ സംസാരിച്ചു. പ്രശസ്ത മൈന്‍ഡ് ട്യൂണ്‍ പരിശീലകനും സക്സസ് കോച്ചുമായ സി.എ. റസാഖ് ഓണ്‍ലൈനില്‍ സദസിനു മാനസികാരോഗ്യദിന സന്ദേശം കൈമാറി.